| Sunday, 9th October 2022, 7:38 am

66 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർമിച്ച കമ്പനി കരിമ്പട്ടികയിൽ ഉൾപ്പെട്ടത്; കമ്പനിക്കെതിരെ കേരളം പരാതി അറിയിച്ചത് നാലു തവണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ​ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർമിച്ച കമ്പനി കരിമ്പട്ടികയിൽ ഉൾപ്പെട്ടതെന്ന് റിപ്പോർട്ട്. 2011ൽ തന്നെ ഈ കമ്പനി കരിമ്പട്ടികയിൽ ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ബീഹാർ സർക്കാരാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെ (Maiden Pharmaceuticals) കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

​ഗാംബിയയിൽ കഫ് സിറപ്പ് കഴിച്ച് 66 കുട്ടികൾ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ലോകാരോ​ഗ്യ സംഘടന കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരും കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. ഇതിന് പിന്നാലെയാണ് കമ്പനിക്കെതിരായ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ കേരളം നാലു തവണ രം​ഗത്തെത്തിയിരുന്നു. മരുന്ന് ​ഗുണനിലവാരമില്ലാത്തതാണെന്ന് കേരളം ചൂണ്ടിക്കാണിക്കുകയും കമ്പനിക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. 2017ലായിരുന്നു ഇത്.

2014ൽ വിയറ്റ്നാം സർക്കാരിന്റെ കരിമ്പട്ടികയിലും മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ഉൾപ്പെട്ടിട്ടുണ്ട്.

മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച പ്രൊമേത്തസിൻ ഓറൽ സൊലൂഷൻ (PROMETHACIN ORAL SOLUTION), കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്(Kofexmalin Baby Cough Syrup), മേക്കോഫ് ബേബി കഫ് സിറപ്(Makoff Baby Cough Syrup), മാഗ്രിപ് എൻ കോൾഡ് സിറപ്(Magrip N Cold Syrup) എന്നിവയ്‌ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

ഇവയിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന വിഷപദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾക്ക് വലിയ തോതിൽ ഉപയോഗിക്കുന്ന മരുന്നാണിവ. നിലവാരമില്ലാത്തതും അണുബാധയുള്ളതുമായ കഫ് സിറപ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണ കാരണമെന്നാണ് നിഗമനം.

അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ, എഥിലിൻ ഗ്ലൈകോൾ എന്നിവ കഫ് സിറപ്പിൽ കണ്ടെത്തിയതായും ഡബ്ല്യു.എച്ച്.ഒ ആരോപിച്ചിരുന്നു.

‘ഗാംബിയയിൽ കണ്ടെത്തിയ നാല് മരുന്നുകൾക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരണപ്പെട്ട 66 കുട്ടികളിലും ഗുരുതരമായ വൃക്ക തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമിക്കുന്ന ചുമ, ജലദോഷം എന്നിവയുടെ സിറപ്പുകളാണ് നാല് മരുന്നുകളും,’ ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം പറയുന്നു.

അതേസമയം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് മരുന്ന് നിർമിച്ചതെന്നും അവ ഇന്ത്യയിൽ വിറ്റഴിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം.

വൃക്ക സംബന്ധമായ രോ​ഗങ്ങൾ കാരണമാണ് കുട്ടികൾ മരണപ്പെട്ടത്. അഞ്ച് വയസിൽ താഴെയുള്ള 66 കുട്ടികൾക്കാണ് മെയ്ഡൻ ഫാർസ്യൂട്ടിക്കൽസിന്റെ മരുന്ന് കഴിച്ച് ജീവൻ നഷ്ടമായത്.

Content  Highlight: Maiden pharmaceuticals was included in blacklist from 2011 in India shows reports

We use cookies to give you the best possible experience. Learn more