കൊവിഡിന് ശേഷം ഉണ്ടായ കണ്ടന്റ് ദാരിദ്യം കാരണം മറ്റ് ഭാഷകളിലെ സിനിമകള്‍ റീമേക്ക് ചെയ്ത് ഇറക്കേണ്ട ഗതികേടിലായിരുന്നു ബോളിവുഡ്. ലോക്ക്ഡൗണ്‍ കാലത്ത് മറ്റു ഭാഷകളിലെ സിനിമകള്‍ തേടിപ്പിടിച്ച് കണ്ടുകൊണ്ടിരുന്ന പ്രേക്ഷകര്‍ റീമേക്കുകളോട് മുഖം തിരിച്ചത് ബോളിവുഡിന്റെ തകര്‍ച്ചക്ക് കാരണമായി. സൂപ്പര്‍സ്റ്റാറുകള്‍ അഭിനയിച്ച റീമേക്ക് സിനിമകള്‍ പോലും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. തെലുങ്ക്, കന്നഡ് സിനിമകളുടെ ഡബ്ബ് പതിപ്പിന്റെ കളക്ഷന്‍ പോലും നേടാനാകാതെ പല സിനിമകളും പരാജയപ്പെട്ടു.
എന്നാല്‍ ഇപ്പോള്‍ സിനിമകളുടെ പോസ്റ്റര്‍ പോലും ബോളിവുഡ് സിനിമകള്‍ കോപ്പിയടിച്ചിരിക്കുകയാണ്. അജയ് ദേവ്ഗണിന്റെ ഏറ്റവും പുതിയ ചിത്രം മൈദാന്‍ ആണ് മലയാളചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ വൈറലായതിന് പിന്നാലെ കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്റര്‍ ഡിസൈനര്‍ ആന്റണി സ്റ്റീഫന്‍ ഫേസ്ബുക്കില്‍ പോസ്റ്റുമായി എത്തി.
ആദ്യം കണ്ടപ്പോള്‍ ഞെട്ടിയെന്നും, പിന്നീട് അവര്‍ നമ്മുടേത് നോക്കി കോപ്പിയടിച്ചതാണെന്ന് മനസിലായെന്നും പോസ്റ്റില്‍ പറഞ്ഞു. ബോളിവുഡ് ഗോസായിമാരെക്കൊണ്ട് മലയാളസിനിമയുടെ പോസ്റ്റര്‍ കോപ്പിയടിപ്പിച്ചിരിക്കണൂ എന്നും പോസ്റ്റില്‍ കുറിച്ചു. കോപ്പിയടി ഒരു തെറ്റല്ലെന്നും, നമ്മളും കോപ്പിയടിച്ചിട്ടുണ്ടന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. പോസ്റ്റിന്റെ പൂര്‍ണരൂപം,
‘ചോറ് ഉണ്ണുന്നതിന് അകമ്പടിയായി ഫേസ് ബുക് തുറന്നപ്പോള്‍ കണ്ട കാഴ്ച ആണ്, നടുങ്ങി പോയി. ഒരു നിമിഷം ലോകം മൊത്തം നിശ്ചലമായ പോലെ.
ഞാന്‍ അങ്ങ് ഇല്ലാണ്ടായി പോയി. ധൈര്യം സംഭരിച്ചു, ഒന്നുടെ നോക്കി. ഒന്നിരുത്തി നോക്കി. അല്ല…. അങ്ങനെ അല്ല. ഇത് അവന്മാര്‍ മ്മ്ടെ പോസ്റ്റര്‍ കോപ്പി അടിച്ചതാണ്.
ഹാവു ശ്വാസം നേരെ വീണു. ‘ബോളിവുഡ് ഗോസായികളെ കൊണ്ട് ഒരു മലയാള സിനിമയുടെ പോസ്റ്റര്‍ കോപ്പി അടിപ്പിച്ചിരിക്കണൂ’ ഒരു ലോഡ് നെഗളിപ്പില്‍, ആ കസേരയില്‍ ഞാന്‍ ഒന്ന് നിവര്‍ന്നിരുന്നു ആത്മഗതം ചെയ്തു. അല്ല പിന്നെ.
NB: കോപ്പി അടി ഒരു തെറ്റൊന്നുമല്ല ….. മ്മളും അടിച്ചിട്ടുണ്ട്,’ ആന്റണി പറഞ്ഞു.
Content Highlight: Maidaan team copied the poster design of Kannur Squad