ന്യൂദല്‍ഹി: കാളി പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി മഹുവ മൊയിത്ര. കാളി തന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന ദേവതയാണെന്നും ചില സ്ഥലങ്ങളില്‍ അവര്‍ക്ക് വിസ്‌കി പോലും സമര്‍പ്പിക്കാറുണ്ടെന്നും മൊയിത്ര പറഞ്ഞു. ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവ് ഈസ്റ്റില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മഹുവ മൊയിത്രയുടെ പ്രതികരണം.
‘കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ദേവതയാണ്..നിങ്ങളുടെ ദേവതയെ ഇമാജിന്‍ ചെയ്യാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്,’മഹുവ പറഞ്ഞു.
‘സിക്കിമില്‍ പോയാല്‍ കാളി ദേവിക്ക് അവിടെയുള്ളവര്‍ വിസ്‌കി സമര്‍പ്പിക്കുന്നത് കാണാം. അതേസമയം ഉത്തര്‍പ്രദേശില്‍ പോയി വിസ്‌കി കൊടുത്താല്‍ വിവരമറിയും. സിക്കിമില്‍ വിസ്‌കിയാണ് പ്രസാദം, ഉത്തര്‍പ്രദേശില്‍ വിസ്‌കി കൊടുത്താല്‍ മതനിന്ദയാണ്,’ മഹുവ കൂട്ടിച്ചേര്‍ത്തു.
കാളി എന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററാണ് നിലവില്‍ വിവാദമായിരിക്കുന്നത്.
പോസ്റ്റര്‍ ഹിന്ദു ദേവതയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ലീനയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിലും ലീനയ്ക്കെതിരെ ഹിന്ദുത്വവാദികള്‍ സൈബര്‍ ആക്രമണം തുടരുകയാണ്. ഇതിനിടെ പോസ്റ്റര്‍ നീക്കണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ടൊറന്റോയിലെ അഗാ ഘാന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച കാളിയുടെ പോസ്റ്റര്‍ നീക്കം ചെയ്യണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.
‘അണ്ടര്‍ ദ് ടെന്റ്’ പദ്ധതിയുടെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ചത്.