| Thursday, 9th September 2021, 5:44 pm

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്റര്‍നെറ്റും എസ്.എം.എസും റദ്ദുചെയ്യപ്പെട്ടിരിക്കുന്നു; ആരാണ് യഥാര്‍ഥത്തില്‍ ദേശവിരുദ്ധര്‍! പൊട്ടിത്തെറിച്ച് മഹുവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കര്‍ണാലില്‍ കര്‍ഷകര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നു സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

തുടര്‍ച്ചയായ മൂന്നാം ദിവസവും കര്‍ണാലില്‍ ഇന്റര്‍നെറ്റും എസ്.എം.എസും റദ്ദുചെയ്യപ്പെട്ടിരിക്കുകയാണെന്ന് മഹുവ ചൂണ്ടിക്കാട്ടി.

രാജ്യത്തിന് ഭക്ഷണം നല്‍കുന്ന നമ്മുടെ കര്‍ഷകരാണോ സര്‍ക്കാരിന്റെ കണ്ണില്‍ ദേശവിരുദ്ധരെന്നും മഹുവ ചോദിച്ചു.

അതേസമയം, കര്‍ണാലില്‍ നടന്ന സംഭവം പൂര്‍ണമായും അന്വേഷിക്കുമെന്നാണ് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞിരിക്കുന്നത്.

കര്‍ഷക പ്രതിഷേധത്തിന് നേരെ നടന്ന ലാത്തി ചാര്‍ജും കര്‍ഷകരുടെ തല തല്ലിത്തകര്‍ക്കണമെന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ആയുഷ് സിന്‍ഹയുടെ വിവാദ പ്രസ്താവനയടക്കമുള്ള കര്‍ണാല്‍ എപ്പിസോഡ് മുഴുവന്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

ഒരു ഉദ്യോഗസ്ഥനെ അന്വേഷണം നടത്താതെ ശിക്ഷിക്കാന്‍ സാധിക്കില്ലെന്നും കര്‍ഷകരാണ് കുറ്റം ചെയ്തതെങ്കില്‍ അവരെയും ശിക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്നാം ഘട്ട സമരപ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാലിലുണ്ടായ പൊലീസ് അതിക്രമത്തിനിടെയായിരുന്നു കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ആഹ്വാനം ചെയ്തത്.

‘അവറ്റകളുടെ തല തല്ലിപ്പൊളിക്കണം’ എന്നായിരുന്നു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ശരിയല്ലെങ്കിലും, അവിടെ ക്രമസമാധാന നില നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നാണ് സംഭവത്തില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞത്.

ഇതിനുപുറമെ കര്‍ണാലില്‍ പൊലിസ് നടപടിക്കെതിരെ പ്രതിഷേധിച്ച നൂറിലേറെ കര്‍ഷകര്‍ക്കെതിരെ കേസെടുത്തിരുന്നു. സിര്‍സയില്‍ ഉപരോധം നടത്തിയ കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തത്.

കര്‍ണാലില്‍ പൊലീസ് നടപടിക്കിടെ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചിരുന്നു. കര്‍ണാല്‍ സ്വദേശി സൂശീല്‍ കാജള്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Mahua slams Central Government

We use cookies to give you the best possible experience. Learn more