ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
യുദ്ധമുഖത്ത് നിന്ന് ആളുകളെ സര്‍ക്കാര്‍ തിരിച്ചെത്തുക്കുന്നതാണ് ഒഴിപ്പിക്കലെന്നും യുദ്ധമേഖലയില്‍ നിന്ന് സുരക്ഷിത മേഖലയിലേക്ക് ആളുകള്‍ സ്വയം മാറുകയും തുടര്‍ന്ന് സര്‍ക്കാര്‍ വിമാനങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുന്നതാണ് ‘ഗതാഗതം’മെന്നും മഹുവ ട്വീറ്റ് ചെയ്തു.
രണ്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നും അവര്‍ പറഞ്ഞു.
ഉക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള കേന്ദ്രത്തിന്റെ ഓപ്പറേഷന്‍ ഗംഗയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് മഹുവയുടെ പരിഹാസം.
നേരത്തെ നിരവധിപേര്‍, ഓപ്പറേഷന്‍ ഗംഗയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഉക്രൈയ്നില്‍നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന് മടങ്ങിയെത്തിയ തമിഴ് വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി തങ്ങളുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിച്ചത്.
എന്നാല്‍, ഉക്രൈനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനായത് ആഗോളതലത്തില്‍ രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിന്റെ അടയാളമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കൊവിഡ് സാഹചര്യത്തെ രാജ്യം കൈകാര്യം ചെയ്തതുപോലെ തന്നെ ഓപ്പറേഷന്‍ ഗംഗയും വിജയകരമായി കൈകാര്യം ചെയ്തുവെന്നും മോദി അവകാശപ്പെട്ടിരുന്നു.
”വലിയ രാജ്യങ്ങള്‍ പോലും പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ നമ്മുടെ രാജ്യത്തിന് ഇത് സാധിച്ചത് വലിയ വിജയമാണ്. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം മൂലമാണ് ഉക്രൈനിലെ യുദ്ധമേഖലയില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളെ അവരുടെ മാതൃരാജ്യത്തേക്ക് തിരികെ കൊണ്ടുവന്നത്’, മോദി പറഞ്ഞു. പുണെയിലെ സിംബയോസിസ് യൂണിവേഴ്‌സിറ്റിയിലെ പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
Content Highlights: Mahua slams central governmemt’s Operation Ganga