കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. തുടര്‍ച്ചയായി നുണകള്‍ പ്രചരിപ്പിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് മഹുവ മുന്നോട്ട് വന്നത്.
”നുണകള്‍ വീണ്ടും വീണ്ടും പ്രചരിപ്പിക്കാന്‍ 24 മണിക്കൂറും പണിയെടുക്കുന്ന ബി.ജെ.പി ട്രോള്‍ സേന മുഖ്യന്മാര്‍ ഒന്നാം ഘട്ട വോട്ടെടുപ്പും രണ്ടാം ഘട്ട വോട്ടെടുപ്പും തങ്ങള്‍ വിജയിച്ചുവെന്ന് ആവര്‍ത്തിക്കുകയാണ്.
ഗീബല്‍സും അത് തന്നെയാണ് ചെയ്തത്. പിന്നീട് 1945 മെയ് ഒന്നിന് ഗീബല്‍സ് കുടുംബത്തോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. മെയ് 2 പുതിയ ഉദയമാണ്,” മഹുവ പറഞ്ഞു.
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പും, രണ്ടാം ഘട്ട വോട്ടെടുപ്പും തങ്ങള്‍ വിജയിച്ചുവെന്ന് ബി.ജെ.പി നേതാക്കള്‍ നിരന്തര അവകാശവാദം ഉന്നയിക്കുന്നതിന് പിന്നാലെയാണ് മഹുവ പ്രതികരണവുമായി മുന്നോട്ട് വന്നത്.
ഹിറ്റ്‌ലറിന്റെ കീഴില്‍ പ്രൊപ്പഗാന്‍ഡ മന്ത്രിയായ ഗീബല്‍സ് 1945 മെയ് ഒന്നിനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഗീബല്‍സും തന്റെ ഭാര്യയും അറ് മക്കളും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്ത ശേഷം ഒരു ദിവസം ജര്‍മ്മനിയുടെ ചാന്‍സലറായി ഗീബല്‍സ് പ്രവര്‍ത്തിച്ചിരുന്നു. ഈ ചരിത്ര സംഭവത്തെ ഉദാഹരണമായി കാണിച്ചായിരുന്നു മമതയുടെ ട്വീറ്റ്.