കൊല്‍ക്കത്ത: അസമിലെ പൊലീസ് വെടിവെപ്പില്‍ 12 വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
ആധാര്‍ ലഭിച്ച ദിവസം തന്നെ നിയമവിരുദ്ധം എന്നാരോപിച്ച് 12 കാരനെ കൊലപ്പെടുത്തിയതിനെക്കാള്‍ വലിയ വിരോധാഭാസം ഉണ്ടെന്ന് മഹുവ പറഞ്ഞു.
എനിക്ക് മാത്രം തോന്നുന്നതാണോ അതോ രാജ്യത്തിന്റെ തലയ്ക്ക് തന്നെ ഓളമാണോ എന്നും അവര്‍ ചോദിച്ചു.
വീട്ടില്‍ നിന്ന് ആധാര്‍ കാര്‍ഡ് വാങ്ങാന്‍ പോസ്റ്റ് ഓഫീസില്‍ പോയി മടങ്ങിയ ഷെയ്ഖ് ഫരീദ് എന്ന കുട്ടിയാണ് വെടിയേറ്റു വീണത്. വീട്ടില്‍നിന്ന് 2 കിലോമീറ്റര്‍ അകലെ വെച്ചാണ് ഫരീദിനു വെടിയേറ്റത്.
പോസ്റ്റ് ഓഫിസില്‍നിന്നു മടങ്ങുന്നതിനിടെ ആള്‍ക്കൂട്ടവും സംഘര്‍ഷവും കണ്ട് ഫരീദ് അവിടെ നില്‍ക്കുകയായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പൊലീസ് വെടിവയ്ക്കുകയായിരുന്നു.
കണ്ടുനിന്ന ഫരീദിന്റെ നെഞ്ചിലാണ് രണ്ടു വെടിയുണ്ടകള്‍ ഏറ്റത്. തല്‍ക്ഷണം മരിച്ചുവീണു. പോസ്റ്റ് ഓഫിസില്‍നിന്നു നിരവധി തവണ അറിയിപ്പു വന്നതിനെ തുടര്‍ന്നാണ് ഫരീദ് ആധാര്‍ കാര്‍ഡ് വാങ്ങാന്‍ പോയതെന്നു ബന്ധുക്കള്‍ പറയുന്നു.