ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ചക്രവര്‍ത്തിമാര്‍ സുരക്ഷതരില്ലെന്നതില്‍ ലജ്ജിക്കുന്നു; ബി.ബി.സി ഡോക്യുമെന്ററിയുടെ കേന്ദ്ര സെന്‍സര്‍ഷിപ്പില്‍ മഹുവ
Natioal news
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ചക്രവര്‍ത്തിമാര്‍ സുരക്ഷതരില്ലെന്നതില്‍ ലജ്ജിക്കുന്നു; ബി.ബി.സി ഡോക്യുമെന്ററിയുടെ കേന്ദ്ര സെന്‍സര്‍ഷിപ്പില്‍ മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st January 2023, 7:54 pm

ന്യൂദല്‍ഹി: ബി.ബി.സിയുടെ ‘ഇന്ത്യ, ദ മോദി ക്വസ്റ്റിയന്‍'(India: The Modi Question) എന്ന ഡോക്യുമെന്ററി സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.

ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ ചക്രവര്‍ത്തിമാരും കൊട്ടാരം ഭരിക്കുന്നവരും സുരക്ഷതിരല്ലെന്നതില്‍ ലജ്ജിക്കുന്നുവെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.

‘ബി.ബി.സിയുടെ ഷോ ഇന്ത്യയില്‍ ആര്‍ക്കും വെറുതെ കാണാന്‍ കഴിയില്ലെന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ ചക്രവര്‍ത്തിമാരും കൊട്ടാരം ഭരിക്കുന്നവരും സുരക്ഷിതരല്ലെന്നതില്‍ ലജ്ജിക്കുന്നു,’ മഹുവ ട്വീറ്റ് ചെയ്തു.

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകളും അവയുടെ വെബ് ലിങ്കുകള്‍ അടങ്ങിയ 50ലധികം ട്വീറ്റുകളും ബ്ലോക്ക് ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതുസംബന്ധിച്ച് ട്വിറ്ററിനും യൂട്യൂബിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ്, 2021ന് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഐ.ബി മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയനടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വാളില്‍ നിന്ന് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.

‘സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ബി.ബി.സി ഡോക്യുമെന്ററുമായി ബന്ധപ്പെട്ട എന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു. ഇതിന് ലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിച്ചിരുന്നു.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രധാനമന്ത്രി ന്യൂനപക്ഷങ്ങളെ എങ്ങനെ വെറുക്കുന്നുവെന്ന് തുറന്നുകാട്ടുന്ന ഒന്നായിരുന്നു,’ സംഭവത്തില്‍ ഒബ്രിയന്‍ പ്രതികരിച്ചു.


Content Highlight: Mahua Moitra’s respomds central censorship of BBC documentary