ഇത്രയ്ക്ക് ബോധമില്ലാത്തവരാണോ കേന്ദ്രത്തില്‍; ഒറ്റ മുഖ്യമന്ത്രിമാരെയും മിണ്ടാന്‍ അനുവദിക്കാത്ത ചര്‍ച്ച മമത അലങ്കോലപ്പെടുത്തിയെന്ന് എങ്ങനെ പറയാന്‍ കഴിഞ്ഞു? മഹുവ മൊയ്ത്ര
കൊല്‍ക്കത്ത: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തുന്ന യോഗങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് പറഞ്ഞ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര.
ഒറ്റയക്കം മാത്രം ഐക്യുവുള്ളവര്‍ക്കാണ് കേന്ദ്രത്തില്‍ പ്രവേശനമെന്ന് അറിഞ്ഞില്ലയെന്നാണ് മഹുവ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.
‘ഒറ്റയക്കം ഐക്യു ഉള്ളവര്‍ക്കാണ് കേന്ദ്രസര്‍ക്കാരില്‍ പ്രവേശനമെന്ന് അറിഞ്ഞില്ല. ബഹുമാനപ്പെട്ട നിയമമന്ത്രി പറഞ്ഞത് കേട്ടു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മമത പങ്കെടുത്തുവെന്നും യോഗം അലങ്കോലപ്പെടുത്തിയെന്നും. ഒരൊറ്റ മുഖ്യമന്ത്രിമാര്‍ക്കു പോലും മിണ്ടാന്‍ കഴിയാത്ത ചര്‍ച്ച മമത എങ്ങനെ അവതാളത്തിലാക്കാനാണ്’, മഹുവ പറഞ്ഞു.
മെയ് 20നാണ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തുന്ന യോഗങ്ങള്‍ വന്‍പരാജയമാണെന്ന് മമത ബാനര്‍ജി പറഞ്ഞത്.
യോഗങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും മമത ബാനര്‍ജി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിമാരെ കളിപ്പാവകളായാണ് കാണുന്നതെന്നും രാജ്യത്ത് ഏകാധിപത്യഭരണമാണ് നിലനില്‍ക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.
പ്രധാനമന്ത്രി ഒരു മീറ്റിംഗ് വിളിച്ച് അതിലേക്ക് മുഖ്യമന്ത്രിമാരെ ഇന്‍വൈറ്റ് ചെയ്തു. എന്നിട്ട് എല്ലാ മുഖ്യമന്ത്രിമാരെയും കളിപ്പാവകളെ പോലെ നിര്‍ത്തിയിരിക്കുകയാണ്. നമുക്ക് സംസാരിക്കാന്‍ അനുവാദമില്ല. പിന്നെ നമ്മള്‍ എങ്ങനെ പൊതുജനങ്ങളുടെ ആവശ്യമെന്താണെന്ന് അറിയിക്കും.
Is a single digit IQ a prerequisite for joining current Union Cabinet?
Hon’ble Law Min says “very, very unfair” of Mamata to attend PM-CM mtng & then “seek to derail” it.
How can someone “derail” virtual mtng when no CM allowed to even speak?
ഞങ്ങള്‍ അടിമവേല ചെയ്യുന്ന ജോലിക്കാരൊന്നുമല്ല. ഞങ്ങളെ അപമാനിച്ചതായി തന്നെയാണ് തോന്നിയത്. സ്വേച്ഛാധിപത്യമാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രിമാരെ സംസാരിക്കാന്‍ പോലും അനുവദിക്കാതിരിക്കാന്‍ മാത്രം പേടിച്ചിരിക്കുകയാണ് മോദി. എന്തിനായാണ് ഇങ്ങനെ പേടിക്കുന്നത്,’ മമത ബാനര്‍ജി ചോദിച്ചു.
പ്രധാനമന്ത്രി കൊവിഡ് 19 സാഹചര്യം ഗൗരവമായി പരിഗണിക്കുന്നില്ലെന്നും ഓക്സിജന്‍, വാക്സിന്‍, കൊവിഡ് മരുന്നുകള്‍ എന്നിവ സംബന്ധിച്ചുള്ള സംസ്ഥാനങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും മോദി വഴുതിമാറുകയാണെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി.