ന്യൂദല്‍ഹി: ട്വിറ്ററില്‍ ട്രെന്റിംഗ് ആയി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുന്‍ ജീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും എതിരെ നടത്തിയ പ്രസംഗത്തിന് പിന്നാലെ മഹുവ മൊയ്ത്രയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.
പാര്‍ലമെന്റിലെ ഏറ്റവും കരുത്തുള്ള അംഗമാണ് താങ്കള്‍, ഇതുപോലെയൊരു എം.പിയെ തന്നെയാണ് ഞങ്ങള്‍ക്ക് വേണ്ടത്, എന്നും ഓര്‍ത്തുവെക്കാവുന്ന പ്രസംഗം, നമുക്ക് കൂടുതല്‍ മഹുവ മൊയ്ത്രമാരെ ആവശ്യമാണ്, ഇതാണ് യഥാര്‍ത്ഥ പ്രതിയോഗി, പാര്‍ലമെന്റില്‍ മഹുവയെ പോലെയുള്ള നേതാക്കള്‍ ഉണ്ടാവുന്ന കാലത്തെക്കുറിച്ച് ആലോചിക്കുന്നു തുടങ്ങി ആയിരക്കണക്കിന് ട്വീറ്റുകളാണ് മഹുവ മൊയ്ത്ര എന്ന ഹാഷ്ടാഗില്‍ വരുന്നത്.
പാര്‍ലമെന്റില്‍ മഹുവ നടത്തതിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭാ സമ്മേളനത്തില്‍ കര്‍ഷകപ്രതിഷേധത്തെ ആക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു മഹുവ ഉന്നയിച്ചത്. ഇതിന് പിന്നാലെ മഹുവക്കെതിരെ ബ്രീച്ച് ഓഫ് പ്രിവില്ലേജ് മോഷന്‍ നടപടി സ്വീകരിച്ചേക്കാമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അവസാന നിമിഷം മഹുവ മൊയ്ത്രയ്ക്കെതിരെ നിയമനടപടിയെടുക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറുകയായിരുന്നു.
അതേസമയം തനിക്കെതിരെ നിയമനടപടിയുണ്ടായാല്‍ അത് അംഗീകാരമായി കരുതുമെന്നായിരുന്നു മഹുവ പ്രതികരിച്ചത്.
‘ഇന്ത്യയുടെ ഏറ്റവും ഇരുണ്ട മണിക്കൂറുകളില്‍ സത്യം പറഞ്ഞതിന് എനിക്കെതിരെ ബ്രീച്ച് ഓഫ് പ്രിവില്ലേജ് നടപടിയുണ്ടായാല്‍ അതെനിക്കൊരു പ്രിവില്ലേജ് ആയിരിക്കും’ മഹുവയുടെ ട്വീറ്റില്‍ പറയുന്നു.
ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥക്കാലത്തിലൂടെയാണ് ഇന്ത്യയിപ്പോള്‍ കടന്നുപോകുന്നതെന്നായിരുന്നു ലോക്‌സഭയില്‍ മഹുവ മൊയ്ത്ര പറഞ്ഞത്. കര്‍ഷകസമരത്തിന്റെയും പൗരത്വപ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു മഹുവയുടെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക