ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന വീഡിയോ നിശാ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതാണെന്ന് ആരോപിച്ച് പ്രചരിപ്പിച്ച ബി.ജെ.പിക്ക് മറുപടിയുമായി തൃണമൂല്‍ മഹുവ മൊയ്ത്ര.
രാഹുല്‍ ഗാന്ധിയോ മറ്റാരെങ്കിലുമൊ അവരുടെ സ്വകാര്യ സമയത്ത് നിശാക്ലബ്ബിലായാലും വിവാഹ പാര്‍ട്ടിയിലായാലും പങ്കെടുക്കുന്നത് ഈ ഭൂമിയില്‍ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ എന്ന് മഹുവ ചോദിച്ചു.
ചായക്കപ്പില്‍ ബിയര്‍ കുടിക്കുന്ന ഇരട്ടത്താപ്പ് ബി.ജെ.പി ചെയ്യരുതെന്നും മഹുവ കുറിച്ചു.
ദല്‍ഹിയിലില്‍ ഇല്ലാത്ത രാഹുല്‍ ഗാന്ധി മറുനാടന്‍ നിശാപാര്‍ട്ടികളില്‍ മതിമറന്നാഘോഷിക്കുന്നുവെന്നാരോപിച്ചാണ് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ നിശാക്ലബ്ബിലെ പാര്‍ട്ടിയിലേതാണെന്ന പേരില്‍ ബി.ജെ.പി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ ആടിപ്പാടുകയാണെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
എന്നാല്‍, നേപ്പാളിലെ മാധ്യമപ്രവര്‍ത്തകയായ സുഹൃത്തിന്റെ വിവാഹത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സുര്‍ജേവാല വ്യക്തമാക്കിയിട്ടുണ്ട്. വിവാഹച്ചടങ്ങളില്‍ പങ്കെടുത്തതിനെ കുറ്റകൃത്യമായി ബി.ജെ.പി ചിത്രീകരിക്കുകയാണന്നും സുര്‍ജേവാല പറഞ്ഞു.
നവാസ് ഷെരീഫിനൊപ്പം കേക്ക് മുറിക്കാന്‍ പ്രധാനമന്ത്രി മോദിയെപ്പോലെ ക്ഷണിക്കപ്പെടാത്ത അതിഥിയായി രാഹുല്‍ ഗാന്ധി പാകിസ്ഥാനിലേക്ക് പോയിട്ടില്ലെന്നും പത്താന്‍കോട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയാമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Content highlights: Mahua Moitra supports Rahul Gandhi