ന്യൂദൽഹി: തനിക്കെതിരെ ലോക്‌സഭയിൽ ആരോപണം ഉന്നയിച്ച ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പേരിൽ 2014ൽ ഉണ്ടായിരുന്ന രണ്ട് കോടി രൂപയുടെ കേസ് ചൂണ്ടിക്കാണിച്ച് മഹുവ മൊയ്‌ത്ര.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ട് കോടി രൂപ ആവശ്യപ്പെട്ടതിന് നിഷികാന്ത് ദുബെക്കും പങ്കാളിക്കുമെതിരെ ദൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ കുറച്ച് ദിവസമായി പ്രചരിക്കുന്നുണ്ട്.
2013 നവംബറിൽ എം.പിയായ നിഷികാന്ത് ദുബെയും ഭാര്യയും തന്റെ വീട്ടിൽ അതിക്രമിച്ചു കയറി രാഷ്ട്രീയ നേട്ടങ്ങൾക്കായി രണ്ട് കോടി രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ദൽഹി സ്വദേശി സന്ദീപ് ശർമയായിരുന്നു 2014 ഏപ്രിലിൽ പരാതി നൽകിയത്.
പരിക്കേല്പിക്കൽ, ഭീഷണിപ്പെടുത്തൽ, വീട്ടിൽ അതിക്രമിച്ചു കയറൽ, ക്രിമിനൽ ഗൂഢാലോചന, പണം തട്ടിയെടുക്കൽ തുടങ്ങി വിവിധ വകുപ്പുകളിലായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
‘ഹഹഹ. രണ്ട് കോടി രൂപയുടെ ഇടപാടിന്റെ ചരിത്രമുള്ള ആളുകളുടെ സഹായത്തോടെയാണ് എനിക്കെതിരെയുള്ള ‘പരാതി’യിൽ രണ്ട് കോടിയുടെ സാങ്കല്പിക തുക എഴുതിച്ചേർത്തിരിക്കുന്നത്,’ മഹുവ മൊയ്‌ത്ര തന്റെ എക്സ് അക്കൗണ്ടിൽ പറഞ്ഞു.
വാർത്തയുടെ ലിങ്കും മഹുവ പങ്കുവെച്ചിട്ടുണ്ട്.
ദമ്പതികൾക്കെതിരെ ധാരാളം പരാതികളുണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ല എന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
അദാനി ഗ്രൂപ്പിനെതിരെ ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് തൃണമൂൽ എം.പിയായ മഹുവ ബിസിനസുകാരനായ ദർശൻ ഹിരനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങി എന്നാരോപിച്ച് നിഷികാന്ത് ദുബെ പരാതി നൽകിയിരുന്നു.
തുടർന്ന് പരാതിയിൽ അന്വേഷണം നടത്തിയ ലോക്സഭാ എത്തിക്സ് പാനൽ മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കണമെന്നും അവരുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും ശുപാർശ ചെയ്തിരുന്നു.
എന്നാൽ എത്തിക്സ് കമ്മിറ്റിയുടേത് പക്ഷാപാതപരമായ നടപടിയായിരുന്നു എന്നും മഹുവയോട് വളരെ മോശം ചോദ്യങ്ങൾ ചോദിച്ചുവെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു.
Content Highlight: Mahua Moitra Supporters Digs Up Nishikant Dubey’s Old Case