ഗുഡ്ഡുജീ...നിങ്ങളെപ്പോലെയല്ല ബംഗാളികള്‍, റോമിയോകളെ ഞങ്ങള്‍ക്കിഷ്ടമാണ്; ആന്റി റോമിയോ സ്‌ക്വാഡ് പരാമര്‍ശത്തില്‍ യോഗിയോട് മഹുവ മൊയ്ത്ര
national news
ഗുഡ്ഡുജീ...നിങ്ങളെപ്പോലെയല്ല ബംഗാളികള്‍, റോമിയോകളെ ഞങ്ങള്‍ക്കിഷ്ടമാണ്; ആന്റി റോമിയോ സ്‌ക്വാഡ് പരാമര്‍ശത്തില്‍ യോഗിയോട് മഹുവ മൊയ്ത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th April 2021, 3:09 pm

 

കൊല്‍ക്കത്ത: ബി.ജെ.പി അധികാരത്തിലെത്തിയാല്‍ പശ്ചിമബംഗാളില്‍ സ്ത്രീസുരക്ഷയ്ക്കായി ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിക്കുമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. റോമിയോകളെ ഞങ്ങള്‍ക്കിഷ്ടമാണെന്നായിരുന്നു മഹുവ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.

‘അജയ് ബിഷ്ട്ട് എന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പുതിയ പ്രസ്താവന; ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിക്കും.

ഗുഡ്ഡുജീ- നിങ്ങളെപ്പോലെയല്ല ബംഗാളികള്‍. ഞങ്ങള്‍ ഹൃദയം കൊണ്ട് സ്‌നേഹിക്കുന്നവരാണ്. ഞങ്ങള്‍ സംഗീതത്തേയും സാഹിത്യത്തേയും മാത്രമല്ല റോമിയോകളെയും സ്‌നേഹിക്കുന്നവരാണ്’, മഹുവ ട്വിറ്ററിലെഴുതി.

 

ലൗ ജിഹാദിന് പിന്നാലെയാണ് പശ്ചിമ ബംഗാളില്‍ പുതിയ കാര്‍ഡിറക്കി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ സ്ത്രീസുരക്ഷയ്ക്കായി ‘ആന്റി-റോമിയോ സ്‌ക്വാഡ്’ രൂപീകരിക്കുമെന്നായിരുന്നു യോഗി പറഞ്ഞത്.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും അവരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യോഗിയുടെ പുതിയ പരാമര്‍ശം.

എന്തുകൊണ്ടാണ് ബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലാത്തത്? പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും യാത്രയും ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ സൗജന്യമാക്കും. പെണ്‍കുട്ടികളുടെ സ്‌കൂളിന് ചുറ്റും റോന്ത് ചുറ്റുന്നവരെ കൈകാര്യം ചെയ്യാന്‍ ആന്റി- റോമിയോ സ്‌ക്വാഡും രൂപീകരിക്കും’, യോഗി പറഞ്ഞു.

2017ല്‍ ഉത്തര്‍പ്രദേശില്‍ യോഗി അധികാരത്തില്‍ വന്നപ്പോള്‍ ‘ആന്റി-റോമിയോ സ്‌ക്വാഡ്’ രൂപീകരിച്ചിരുന്നു. സമാനമായ തീരുമാനമാണ് ബംഗാളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് യോഗിയുടെ പ്രസംഗത്തിന്റെ സൂചന.

നേരത്തെ കേരളത്തിലും സമാനമായ പ്രചാരണത്തിനാണ് യോഗി നേതൃത്വം കൊടുത്തത്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയപ്പോള്‍ യോഗി ആരോപിച്ചത്.

കേരളത്തില്‍ എന്തുകൊണ്ട് ലൗ ജിഹാദ് നിയമങ്ങള്‍ നടപ്പിലാക്കുന്നില്ലെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.

ലൗ ജിഹാദ് തടയണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്താതെന്നായിരുന്നു യോഗി പറഞ്ഞത്. ഉത്തര്‍പ്രദേശ് ഇതിനോടകം ലൗ ജിഹാദിനെതിരെ നിയമം പാസാക്കിക്കഴിഞ്ഞുവെന്നും യോഗി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ലൗ ജിഹാദ് ചര്‍ച്ചയാക്കി ബി.ജെ.പി രംഗത്ത് എത്തിയിരുന്നു. ലൗ ജിഹാദ് നിയമം കൊണ്ട് വരുമെന്ന് ബി.ജെ.പി പ്രചരണ പത്രികയിലും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mahua Moitra Slams Yogi Aditya Nath On His Anti Romeo Squad Comment