കൊല്‍ക്കത്ത: ഗോമൂത്രം കുടിക്കുന്നതിനാലാണ് തനിക്ക് കൊവിഡ് വരാത്തതെന്ന് പറഞ്ഞ ബി.ജെ.പി എം. പി പ്രജ്ഞ സിംഗ് ഠാക്കൂറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര.
ഇങ്ങനെ പറയുന്നവരെയൊക്കെ നിര്‍ബന്ധമായും അറസ്റ്റ് ചെയ്യാനുള്ള സംവിധാനം പകര്‍ച്ചാവ്യാധി നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു എന്ന് മഹുവ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.
‘കൊവിഡില്‍ നിന്ന് പശു മൂത്രം സംരക്ഷിക്കുന്നുവെന്നും ഓക്‌സിജന്‍ ശരീരത്തിന് ലഭിക്കുന്നുവെന്നും ബ്ലാസ്റ്റ് ലേഡി ഇപ്പോള്‍ പറയുന്നു. ലോകം ഒരു മഹാമാരിയെ നേരിടുന്ന സമയത്ത് ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള സംവിധാനം പകര്‍ച്ചാവ്യാധി നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്,’ മഹുവ പറഞ്ഞു.
പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു ഗോമൂത്രം കുടിക്കുന്നതു കൊണ്ടാണ് തനിക്ക് കൊറോണ വരാത്തതെന്ന് പ്രജ്ഞ സിംഗ് പറഞ്ഞത്. ഗോമൂത്രത്തിന് കൊവിഡ് മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ ഭേദമാക്കാന്‍ സാധിക്കുമെന്നും പ്രജ്ഞ പറഞ്ഞിരുന്നു.
‘ഒരു നാടന്‍ പശുവിന്റെ മൂത്രം എല്ലാ ദിവസവും കുടിക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് നിങ്ങളെ ശ്വാസകോശ സംബന്ധമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കും. എനിക്ക് ആദ്യം നല്ല വേദനയുണ്ടായിരുന്നു, പക്ഷെ ഞാന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കാന്‍ തുടങ്ങി. അതുകൊണ്ട് എനിക്ക് ഇപ്പോള്‍ കൊറോണയ്ക്കെതിരെ മരുന്ന് കഴിക്കേണ്ട സ്ഥിതിയില്ല. എനിക്ക് കൊറോണയും വരില്ല,’ പ്രജ്ഞ സിംഗ് പറഞ്ഞു.
ഗോമൂത്രം ജീവന്‍ രക്ഷാമരുന്നാണെന്നും പ്രജ്ഞ പറഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞ ഡിസംബറില്‍ പ്രജ്ഞയെ കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ഗോമൂത്രവും പശുവിന്റെ മറ്റു ഉത്പന്നങ്ങളുമാണ് തന്റെ കാന്‍സര്‍ മാറ്റിയതെന്ന് രണ്ട് വര്‍ഷം മുന്നെ പ്രജ്ഞ സിംഗ് പറഞ്ഞിരുന്നു.
അതേസമയം ഗോമൂത്രമോ ചാണകമോ കൊവിഡിനെ പ്രതിരോധിക്കുമെന്നതിന് ഒരു തെളിവുമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mahua Moitra Slams Pranja Singh Takur Over Derogatory Comments