ബംഗാളിനെ വിഭജിക്കണമെന്ന് പറഞ്ഞ എം.പിയെ വരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി; കേന്ദ്രം പുതിയ കളികള്‍ക്ക് തുടക്കമിടുകയാണെന്ന് മഹുവ മൊയ്ത്ര
national news
ബംഗാളിനെ വിഭജിക്കണമെന്ന് പറഞ്ഞ എം.പിയെ വരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി; കേന്ദ്രം പുതിയ കളികള്‍ക്ക് തുടക്കമിടുകയാണെന്ന് മഹുവ മൊയ്ത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th July 2021, 6:55 pm

കൊല്‍ക്കത്ത: കേന്ദ്രമന്ത്രിസഭാ പുനസംഘടനയെ വിമര്‍ശിച്ച് തൃണമൂല്‍ എം.പി. മഹുവ മൊയ്ത്ര. ബംഗാളിനെ മൂന്നായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി. എം.പിയ്ക്ക് വരെ ക്യാബിനറ്റില്‍ ഇടം കൊടുത്തിരിക്കുകയാണെന്നാണ് മഹുവ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.

‘ മുമ്പ് ഒരു ബി.ജെ.പി. എം.പി പറഞ്ഞു പശ്ചിമ ബംഗാളിനെ മൂന്നായി വിഭജിക്കണമെന്ന്. അതേ എം.പിയെ ഇന്ന് കേന്ദ്ര ക്യാബിനറ്റിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുകയാണ്. പുതിയ കളികള്‍ തുടങ്ങാനാണ് കേന്ദ്ര നീക്കം’, മഹുവ മൊയ്ത്ര പറഞ്ഞു.

മന്ത്രിസഭാ പുനസംഘടനയില്‍ പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു. രണ്ട് പേര്‍ മാത്രം ഭരണയന്ത്രം തിരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പിന്നെന്തിനാണ് ഈ പുനസംഘടനയെന്നും ഭൂഷണ്‍ ചോദിച്ചു.

കേന്ദ്രത്തിന്റെ പുനസംഘടനയെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. മികച്ച പ്രകടനമാണ് മന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യം മാറ്റണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

 

രണ്ടാം മോദിസര്‍ക്കാരിന്റെ പുനസംഘടനയില്‍ 87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാകും പുതിയ മന്ത്രിസഭ.

ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന ബി.ജെ.പി. നേതാവ് നാരായണ്‍ റാണെ, ബംഗാള്‍ എം.പിമാരായ ശാന്തനു ടാക്കൂര്‍, നിസിത് പ്രമാണിക്, ജെ.ഡി.യു. നേതാവ് ആര്‍.സി.പി. സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍മോദി, വരുണ്‍ ഗാന്ധി, എല്‍.ജെ.പിയുടെ പശുപതി പരസ് തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങളാകാന്‍ സാധ്യതയുള്ളത്.

മന്ത്രിസഭയിലെ സ്ത്രീകളുടെ എണ്ണം പതിനൊന്നായിരിക്കും. പുതിയ മന്ത്രിസഭയിലെ ശരാശരി പ്രായം 58 വയസ്സായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ മന്ത്രിസഭാംഗങ്ങളുടെ ശരാശരി പ്രായം 61 വയസ്സായിരുന്നു.

ബ്രാഹ്മണ ക്ഷത്രിയ, ഭൂമിഹാര്‍, ബനിയ, കയാസ്ത്, ലിംഗായത്ത് തുടങ്ങിയ സമുദായങ്ങളില്‍ നിന്ന് 29 മന്ത്രിമാരുണ്ടാകുമെന്നും പുതിയ സര്‍ക്കാരില്‍ 50 വയസിന് താഴെയുള്ള 14 മന്ത്രിമാരുണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്ലിം, സിഖ്, ക്രിസ്ത്യന്‍, രണ്ട് ബുദ്ധ മതക്കാര്‍ ഉള്‍പ്പെടെ ന്യൂനപക്ഷത്തില്‍ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകും. ഇതില്‍ മൂന്ന് പേര്‍ക്ക് ക്യാബിനറ്റ് റാങ്കുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Mahua Moitra Slams New Union Ministry Shuffle