കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് മഹുവയുടെ വിമര്‍ശനം.
മന്‍ കി ബാത്തില്‍ സിഖ് സന്യാസിമാര്‍ക്ക് ആദരമര്‍പ്പിക്കുന്ന അതേ പ്രധാനമന്ത്രി തന്നെയാണ് കര്‍ഷകരെ ചവിട്ടി മെതിക്കുന്നതെന്ന് മഹുവ ചൂണ്ടിക്കാട്ടി.
മോദിയെക്കാളും അമിത് ഷായെക്കാളും മികച്ച രീതിയില്‍ മറ്റൊരാള്‍ക്കും ഇത്തരത്തില്‍ കാപട്യം കാട്ടാന്‍ കഴിയില്ലെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷക സമരം നടക്കുന്നതിനിടെയായിരുന്നു മോദിയുടെ മന്‍ കി ബാത്ത്.
പുതുവര്‍ഷത്തെക്കുറിച്ചും കൊവിഡ് പ്രതിരോധത്തെക്കുറിച്ചും വിശാലമായി സംസാരിക്കുമ്പോഴും കര്‍ഷകരെക്കുറിച്ചും ഒരുമാസക്കാലമായി തുടരുന്ന പ്രതിഷേധത്തെക്കുറിച്ചും കാര്യമായ പരാമര്‍ശങ്ങള്‍ നടത്തിയില്ല. കൊവിഡ് വ്യാപനസമയത്ത് പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനെ ജനം അംഗീകരിച്ചിരുന്നെന്നും 2021 ല്‍ രോഗസൗഖ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും മോദി പറഞ്ഞു. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. സ്വാശ്രയത്വമാകണം പുതുവത്സര പ്രതിജ്ഞയെന്നും മോദി ആവശ്യപ്പെട്ടു.
” ഉപഭോക്താക്കളും ‘മെയ്ഡ് ഇന്‍ ഇന്ത്യ’ കളിപ്പാട്ടങ്ങള്‍ ആവശ്യപ്പെടുന്നു. ചിന്താ പ്രക്രിയയിലെ വലിയ മാറ്റമാണിത്. ആളുകളുടെ മനോഭാവത്തിലെ ഒരു വലിയ പരിവര്‍ത്തനത്തിന്റെ ജീവനുള്ള ഉദാഹരണമാണിത്, അതും ഒരു വര്‍ഷത്തിനുള്ളില്‍,” പ്രധാനമന്ത്രി മോദി മന്‍ കി ബാത്തില്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, മോദിയുടെ മന്‍ കി ബാത്തിനെതിരെ കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mahua Moitra slams modi and amithshah