കൊല്‍ക്കത്ത: മഹാരാഷ്ട്രയില്‍ രണ്ട് നഴ്‌സറി വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്ക് വെച്ച പോസ്റ്റിലൂടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ പൊലീസ് വരുത്തിയ വീഴ്ചയെ ചൂണ്ടിക്കാട്ടി മഹുവ രംഗത്ത് വന്നത്.
സംഭവത്തില്‍ മഹാരാഷ്ട്രയിലെയും ബംഗാളിലേയും പൊലീസിനെ താരതമ്യം ചെയ്ത തൃണമൂല്‍ എം.പി, കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ ബംഗാള്‍ പൊലീസ് അടിയന്തരമായി നടപടി സ്വീകരിച്ചു എന്നും അഭിപ്രായപ്പെട്ടു.
‘ആര്‍.ജി കാര്‍ കേസില്‍ കൊല്‍ക്കത്ത പൊലീസ് പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുകയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ വീഡിയോ ആയി ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായില്ല. ഇതാണ് യഥാര്‍ത്ഥ എന്‍.ഡി.എ(നോണ്‍ ഡെമോക്രാറ്റിക് അലയന്‍സ്),’ മഹുവ എക്‌സില്‍ കുറിച്ചു.
കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ പി.ജി വിഭാഗം മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് വിധേയയായി കൊല്ലപ്പെട്ട കേസില്‍ രാജ്യവ്യാപകമായി ബംഗാള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് മഹുവയുടെ പ്രതികരണം. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജിവെക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് 13നാണ് മഹാരാഷ്ട്രയിലെ താനെയില്‍ നഴ്‌സറി വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികളെ സ്‌കൂളിലെ ശുചീകരണ തൊഴിലാളി ലൈംഗികമായി പീഡിപ്പിക്കുന്നത്. അക്രമത്തിന് ഇരയായ പെണ്‍കുട്ടികളിലൊരാള്‍ സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചതോടെയാണ് അക്രമത്തിന്റെ വിവരം പുറത്തറിയുന്നത്.
ഇതോടെ സ്‌കൂളിലെ ശുചീകരണത്തൊഴിലാളിയായ 24കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകര്‍ സ്‌കൂള്‍ കെട്ടിടം അടിച്ച് തകര്‍ക്കുകയും ട്രെയിനുകള്‍ തടയുകും ചെയ്തിരുന്നു.
എന്നാല്‍ സംഭവത്തിന് പിന്നാലെ മഹാരാഷ്ട്ര പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണുയരുന്നത്. പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ 11 മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനില്‍ കാത്ത് നില്‍പ്പിച്ചെന്നും വനിതാ ശിശുക്ഷേമ വകുപ്പ് ഇടപെട്ടതിന് ശേഷമാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതെന്നും വിമര്‍ശനമുണ്ടായി. ഇതോടെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് റെയില്‍വെ സ്റ്റേഷന്‍ ഉപരോധിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് ലാത്തി വീശി. അതേസമയം ബദ്‌ലപൂരില്‍ വിച്ഛേദിച്ച ഇന്റര്‍നെറ്റ് സൗകര്യം പുനസ്ഥാപിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണത്തിനായി ഒരു സംഘത്തെ ബദ്‌ലാപൂരിലേക്ക് അയക്കുമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അറിയിച്ചു.