ന്യൂദല്‍ഹി: മുന്‍ സുപ്രീം കോടതി ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറിനെ ആന്ധ്രാ പ്രദേശ് ഗവര്‍ണറായി നിയമിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ബി.ജെ.പിക്കും അബ്ദുല്‍ അസീസിനുമെതിരെ ശക്തമായി ഭാഷയിലാണ് മഹുവ പ്രതികരിച്ചത്.
പദവി സ്വീകരിച്ച ജസ്റ്റിസ് നാണംകെട്ട പ്രവര്‍ത്തിയാണ് ചെയ്തതെന്ന് മഹുവ മൊയ്ത്ര പറഞ്ഞു.
‘ഇതാ മറ്റൊരു സുപ്രീം കോടതി ജഡ്ജി കൂടി, വിരമിച്ച് രണ്ട് മാസത്തിനുള്ളില്‍ ഗവര്‍ണറായി നിയമിതനായിരിക്കുന്നു. ഭൂരിപക്ഷ സര്‍ക്കാരിന് ഇതേ കുറിച്ചൊന്നും ധാരണയുണ്ടാകണമെന്നില്ല, പക്ഷെ ആ പദവി സ്വീകരിച്ച നിങ്ങളെന്തൊരു നാണംകെട്ടവനാണ് മി ലോര്‍ഡ്,’ മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിതനായ അബ്ദുല്‍ നസീര്‍ മുത്തലാഖ്, നോട്ട് നിരോധനം കേസുകളില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിയാണ്. 2017ല്‍ സുപ്രീം കോടതി ജഡ്ജിയായി നിയമതിനായ അബ്ദുല്‍ നസീര്‍ 2023 ജനുവരി നാലിനാണ് വിരമിച്ചത്.
Yet another SC judge appointed governor less than 2 months after retirement.
Majoritarian govt doesn’t care about perception but how shameless are you, MiLord to accept it?
— Mahua Moitra (@MahuaMoitra) February 13, 2023
അയോധ്യ കേസില്‍ ബാബരി പള്ളി നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്ര അവശിഷ്ടങ്ങളുള്ള ഇടമാണെന്നും പള്ളിയുടെ 2.77 ഏക്കര്‍ സ്ഥലം രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന് നല്‍കണമെന്നും നിലപാടെടുത്ത സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിലും അബ്ദുല്‍ നസീര്‍ അംഗമായിരുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.
ജുഡീഷ്യറിയില്‍ വരെ ബി.ജെ.പി സര്‍ക്കാര്‍ കയ്യേറ്റം നടത്തുകയാണെന്നും ഇത് അനുവദിച്ചുകൊടുക്കാനാകില്ലെന്നും നിരവധി പേര്‍ പറഞ്ഞു. എസ്. അബ്ദുല്‍ നസീറിനെ ആന്ധ്രാ ഗവര്‍ണറാക്കി നിയമിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സമീപനമാണെന്നും ശക്തമായി എതിര്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക്മനുസിങ്‌വി പറഞ്ഞു.
‘പത്യയശാസ്ത്രപരമായാണ് ഞങ്ങള്‍ ഈ നിയമനത്തെ എതിര്‍ക്കുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്രമായ പ്രവര്‍ത്തനത്തിന് ഭീഷണിയാകുന്ന നടപടിയാണിതെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടിയെ ഞങ്ങള്‍ ഏറ്റവും ശക്തമായി അപലപിക്കുന്നു, എതിര്‍ക്കുന്നു. ഈ നടപടിയെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല,’അഭിഷേക്മനുസിങ്വി പറഞ്ഞു.
പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരെയാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയമിച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവായിരുന്നു പ്രഖ്യാപനം നടത്തിയത്.
മുതിര്‍ന്ന ബി.ജെ.പി നേതാവും കേരളത്തിലെ ബി.ജെ.പിയുടെ മുന്‍ ചുമതലക്കാരനുമായിരുന്ന സി.പി. രാധാകൃഷ്ണനാണ് ജാര്‍ഖണ്ഡ് ഗവര്‍ണര്‍. ലഫ്. ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക് അരുണാചല്‍ പ്രദേശിലും ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സിക്കിമിന്റെയും ഗവര്‍ണര്‍മാരാകും. ഗുലാബ് ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചല്‍ പ്രദേശിലും ഗവര്‍ണര്‍മാരാകും.
Content Highlight: Mahua Moitra slams Justice S Abdul Nazeer and BJP govt over Andra Governor controversy