കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ അക്രമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി നുണപ്രചരണം നടത്തുന്നുവെന്ന് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള വാര്‍ത്തകളുടെ സത്യാവസ്ഥ തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പോസ്റ്റ് ചെയ്തായിരുന്നു മഹുവയുടെ വിമര്‍ശനം.
‘കൊവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോള്‍. ഈ സമയത്ത് നിങ്ങളുടെ നുണകള്‍ക്ക് വിശദീകരണം നല്‍കാന്‍ സമയമില്ല. തല്‍ക്കാലം ഈ ഫാക്ട് ചെക്കുകള്‍ സ്വീകരിച്ചാലും’, മഹുവ ട്വിറ്ററിലെഴുതി.
We are too busy with Covid management to waste time countering BJP’s fake news machine but here are some fact checks pic.twitter.com/M98tZyjqCy
പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മഹുവയുടെ ട്വീറ്റ്. ബംഗാളില്‍ വലിയ പ്രചരണം നടത്തിയെങ്കിലും ബി.ജെ.പിയ്ക്ക് ജയിക്കാനായിരുന്നില്ല.
നേരത്തെ ബംഗാളിലെ അക്രമങ്ങളെ അപലപിച്ച് നടിമാരായ സ്വര ഭാസ്‌കറും പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരുന്നു.
‘ബംഗാളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അധികാരത്തിനൊപ്പം എത്തുന്ന ആ ഉത്തരവാദിത്തം എവിടെ? മനുഷ്യത്വരഹിതമായ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്’, പാര്‍വ്വതി ട്വീറ്റ് ചെയ്തു. മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഒഫിഷ്യല്‍ അക്കൗണ്ടുകള്‍ ടാഗ് ചെയ്തുകൊണ്ടായിരുന്നു പാര്‍വതിയുടെ ട്വീറ്റ്.
‘ബംഗാളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇത് അപരിഷ്‌കൃതവും സുബോധമില്ലാത്ത പ്രവര്‍ത്തിയുമാണ്. ഇത് തടഞ്ഞേ മതിയാവൂ. മമതാ ബാനര്‍ജി, മുഴുവന്‍ രാഷ്ട്രീയ അതിക്രമങ്ങളും തടയൂ. ഒരു അന്വേഷണം പ്രഖ്യാപിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരൂ. അവര്‍ നിങ്ങളുടെ പാര്‍ട്ടിക്കാരാണെങ്കിലും’, എന്നാണ് സ്വര ഭാസ്‌കറിന്റെ ട്വീറ്റ്.
ബംഗാളിലെ അക്രമങ്ങളില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രധാനമന്ത്രി ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക