സര്‍ക്കാര്‍ വസതി ഒഴിയാന്‍ മഹുവ മൊയ്ത്രക്ക് നോട്ടീസ്
India
സര്‍ക്കാര്‍ വസതി ഒഴിയാന്‍ മഹുവ മൊയ്ത്രക്ക് നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th January 2024, 3:27 pm

 

ന്യൂദല്‍ഹി: മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയോട് സര്‍ക്കാര്‍ വസതിയില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് ചൊവ്വാഴ്ച നോട്ടീസ് നല്‍കി. കഴിഞ്ഞമാസമാണ് മഹുവയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത്. എത്രയും പെട്ടെന്ന് വീട് ഒഴിഞ്ഞ് നല്‍കണം എന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എം.പി എന്ന നിലയിലാണ് സര്‍ക്കാര്‍ വസതി താമസത്തിനായി ലഭിച്ചത്.

ഒഴിഞ്ഞു പോകാനുള്ള നോട്ടീസിന് പിന്നാലെ നടപടികള്‍ വേഗത്തിലാക്കാനായി ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ അയച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് അവരെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത്. ഒരു മാസത്തിനുള്ളില്‍ വീട് ഒഴിയാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ജനുവരി എട്ടിന് നല്‍കിയ നോട്ടിസില്‍ വീട് ഒഴിയാത്തതിന്റെ കാരണം മൂന്ന് ദിവസത്തിനുള്ളില്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുള്ള നോട്ടിസ് നല്‍കിയത് ജനുവരി 12 നാണ്.

വസതിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ജനുവരി നാലിന് മഹുവ മൊയ്ത്ര ദല്‍ഹി ഹൈകോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിനെ സമീപിക്കാന്‍ ആയിരുന്നു കോടതി നിര്‍ദ്ദേശം. പ്രത്യേക സാഹചര്യങ്ങളില്‍ ചാര്‍ജ് ഈടാക്കി ആറ് മാസം വരെ താമസിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട് എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഹരജി പിന്‍വലിക്കാന്‍ മൊയ്ത്രയെ അനുവദിച്ച കോടതി വിഷയത്തിന്റെ മെറിറ്റില്‍ ഇടപെടുന്നില്ല എന്ന് അറിയിച്ചു. കുടിയൊഴിപ്പിക്കലിന് മുമ്പ് താമസക്കാരന് നോട്ടീസ് നല്‍കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെന്നും നിയമാനുസൃതമായി ഹര്‍ജിക്കാരനെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ സര്‍ക്കാറിന് സ്വന്തം നിലയില്‍ തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുകയും പാര്‍ലമെന്റ് വെബ്സൈറ്റിന്റെ യൂസര്‍ ഐഡിയും പാസ്വേഡും പങ്കുവെക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് ഡിസംബര്‍ എട്ടിന് മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയത്.

Content Highlight: Mahua Moitra served eviction notice to vacate govt bungalow