| Friday, 8th December 2023, 4:45 pm

അടുത്ത 30 വര്‍ഷത്തേക്ക് ലോക്‌സഭക്കകത്തും പുറത്തുമായി ബി.ജെ.പിക്കെതിരെ പോരാടും: മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടുത്ത 30 വര്‍ഷത്തേക്ക് ലോക്‌സഭക്കകത്തും പുറത്തുമായി ബി.ജെ.പിക്കെതിരെ പോരാടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുവാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം.

‘എനിക്ക് 49 വയസായി. അടുത്ത 30 വര്‍ഷത്തേക്ക് ഞാന്‍ നിങ്ങളോട് പോരാടും. എന്റെ പോരാട്ടം പാര്‍ലമെന്റിനുള്ളിലും ലോക്‌സഭക്ക് പുറത്തും ഗട്ടറിലും തെരുവിലും ആവാം,’ മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.

ബി.എസ്.പി നേതാവും എം.പിയുമായ ഡാനിഷ് അലിക്കെതിരെ രമേശ് ബിദുരി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ എന്തുകൊണ്ടാണ് ബി.ജെ.പി നടപടിയെടുക്കാത്തതെന്നും മഹുവ ചോദിച്ചു. രമേശ് ബിദുരി പാര്‍ലമെന്റില്‍ എഴുന്നേറ്റ് നിന്നുകൊണ്ട് മുസ്‌ലിം എം.പിമാരില്‍ ഒരാളായ ഡാനിഷ് അലിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതില്‍ ബി.ജെ.പി മൗനം പാലിക്കുകയായിരുന്നെന്നും മഹുവ ചൂണ്ടിക്കാട്ടി.

ബി.ജെ.പി പാര്‍ലമെന്റിലേക്ക് അയച്ച 303 എം.പിമാരില്‍ ഒരു മുസ്‌ലിം പ്രതിനിധി പോലുമില്ലെന്നും മഹുവ പറഞ്ഞു. ന്യൂനപക്ഷങ്ങളോടും മുസ്‌ലിങ്ങളോടും സ്ത്രീകളോടും ബി.ജെ.പിക്ക് വെറുപ്പാണെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.

അദാനി ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളും വിമാനത്താവളങ്ങളും വാങ്ങുകയാണെന്നും വിദേശ നിക്ഷേപകരായ അദ്ദേഹത്തിന്റെ ഓഹരിയുടമകള്‍ക്കുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കുകയാണെന്നും മഹുവ പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരെ ഹിരാനന്ദാനി ഗ്രൂപ്പിന് വേണ്ടി മഹുവ ചോദ്യങ്ങള്‍ ഉന്നയിച്ചു എന്ന ആരോപണം ലോക്സഭയില്‍ കൊണ്ടുവന്നത് നിഷികാന്ത് ദുബെ എം.പി ആയിരുന്നു.

മഹുവയുടെ പങ്കാളിയായിരുന്ന ആനന്ദ് ദേഹാദ്രായിയുടെ പരാതി ബി.ജെ.പി മഹുവക്കെതിരെ പ്രയോഗിക്കുകയായിരുന്നു. മഹുവയെ പുറത്താക്കുന്നത് സംബന്ധിച്ച വോട്ടെടുപ്പിന് മുമ്പ് അവരെ സംസാരിക്കാന്‍ അനുവദിക്കാത്തത്തില്‍ പ്രതിഷേധിച്ച് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

Content Highlight: Mahua Moitra says she will fight against B.J.P inside and outside the Lok Sabha for the next 30 years

We use cookies to give you the best possible experience. Learn more