ന്യൂദല്‍ഹി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ യു.പിയില്‍ സമ്പൂര്‍ണ ജംഗിള്‍ രാജാണ് നടപ്പാക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. മുന്‍ എം.പിയും ഉമേഷ് പാല്‍ കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്നതുമായ ആതിഖ് അഹമ്മദിന്റെ മകന്‍ ആസദിനെ ഏറ്റുമുട്ടലിലൂടെ വധിച്ചുവെന്ന് യു.പി പൊലീസിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വീണ്ടും നടത്തി ബി.ജെ.പി കാടന്‍ ഭരണത്തെ ആഘോഷിക്കുകയാണെന്നും മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.
‘അജയ് ബിഷ്ടിനെ(യോഗിയുടെ യഥാര്‍ത്ഥ പേര്) ‘മിസ്റ്റര്‍ തോക് ദോ’ എന്ന് കൂടി വളിച്ചിരുന്നു. അതുകൊണ്ടാണ് സമ്പൂര്‍ണ നിയമലംഘനവും ജംഗിള്‍ രാജും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഈ മാന്യന്റെ കീഴില്‍ യു.പിയില്‍ തഴച്ചുവളരുന്നത്.
നമുക്ക് ഒരു ഭരണഘടനയുണ്ട്. നമ്മള്‍ നിയമത്തിന്റെ ചട്ടക്കൂട്ടിലാണ് ജീവിക്കുന്നത്. എന്നാല്‍ ഭരണഘടനയെ തകര്‍ക്കുന്ന പരിപാടികളാണ് ബി.ജെ.പി അനുദിനം ചെയ്യുന്നത്,’ മഹുവ പറഞ്ഞു.
വ്യാജ ഏറ്റുമുട്ടലുകളിലൂടെ ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ശരിയായ പ്രശ്നങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു വിഷയത്തില് സമാജ് വാദി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വിമര്‍ശനം. ബി.ജെ.പി കോടതികളെ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തെ ശരിയായ പ്രശ്നങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ വേണ്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തുന്നത്. ബി.ജെ.പി ഒരിക്കലും കോടതികളെ വിശ്വസിച്ചിരുന്നില്ല. ഇന്നത്തെയും, സമീപകാലത്തും നടന്നിട്ടുള്ള വ്യാജ ഏറ്റുമുട്ടലുകള്‍ അന്വേഷിക്കേണ്ടതുണ്ട്. കുറ്റവാളികളെ വെറുതെ വിടാന്‍ പാടില്ല.
ശരിയേതാണ് തെറ്റേതാണെന്ന് സ്വയം തീരുമാനിക്കാന്‍ അധികാരികള്‍ക്കാവില്ല. ബി.ജെ.പി സാഹോദര്യത്തിനെതിരാണ്,’ അഖിലേഷ് യാദവ് പറഞ്ഞു.
മുന്‍ എം.പിയും ഉമേഷ് പാല്‍ കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്നതുമായ ആതിഖ് അഹമ്മദിന്റെ മകന്‍ ആസദിനെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്.
ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് വ്യാഴാഴ്ച ആസദിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ആതിഖ് അഹമ്മദിന്റെ അടുത്ത അനുയായിയായ മുഹമ്മദ് ഗുലാമും കൊല്ലപ്പെട്ടു. ഉമേഷ് പാല്‍ കൊലക്കേസില്‍ പൊലീസ് അന്വേഷണം നേരിടുന്ന വ്യക്തികളാണ് ആസദും ഗുലാമും.