റെയ്ഡ് ഇന്നും തുടരുന്നു, ബ്രിട്ടീഷുകാരോടുള്ള പോരാട്ടത്തില്‍ ബി.ജെ.പിയോട് അടുത്തവരുടെ ഇതുവരെയുള്ള മികച്ച മുന്നേറ്റം; പരിഹസിച്ച് മഹുവ
national news
റെയ്ഡ് ഇന്നും തുടരുന്നു, ബ്രിട്ടീഷുകാരോടുള്ള പോരാട്ടത്തില്‍ ബി.ജെ.പിയോട് അടുത്തവരുടെ ഇതുവരെയുള്ള മികച്ച മുന്നേറ്റം; പരിഹസിച്ച് മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th February 2023, 4:39 pm

ന്യൂദല്‍ഹി: ബി.ബി.സിയുടെ ദല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന രണ്ടാം ദിവസവും തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ 11.30നായിരുന്നു ബി.ബി.സി ഓഫിസുകളില്‍ പരിശോധന തുടങ്ങിയത്. ഇന്നലെ രാത്രിയിലും പരിശോധന തുടര്‍ന്നിരുന്നു.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ബി.ജെ.പിയിലെ ഏറ്റവും അടുത്ത ആരും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല എന്നാണ് മഹുവ ട്വീറ്റ് ചെയ്തത്.

 

‘ബി.ബി.സി ഓഫീസുകളില്‍ ആദായ നികുതി ‘സര്‍വേ’ തുടരുന്നു. ബി.ജെ.പിയിലെ ഏറ്റവും അടുത്ത ആരും ബ്രിട്ടീഷുകാരോടുള്ള പോരാട്ടത്തില്‍ ഇത്രയും ദൂരം എത്തിയിട്ടില്ല,’ മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ നടപടി സെല്‍ഫ് ഗോളാണെന്ന് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പ്രതികരിച്ചു. തരംതാണ പ്രതികാരമായേ ലോകം ഈ റെയ്ഡിനെ കാണൂവെന്നും അദ്ദേഹം പറഞ്ഞു.

 

‘ഒരു സ്ഥാപനവും നിയമത്തിന് മുകളിലല്ല. എന്നാല്‍, 20 ആദായ നികുതി ഉദ്യോഗസ്ഥര്‍ ബി.ബി.സിയുടെ ദല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലും സ്റ്റുഡിയോകളിലും നടത്തുന്ന റെയ്ഡ് പരിതാപകരമായ സെല്‍ഫ് ഗോളായിട്ടേ പറയാനാകൂ.

ബി.ബി.സി ഡോക്യുമെന്ററിയോടുള്ള പ്രതികാരമായും മാധ്യമസ്വാതന്ത്ര്യം ഞെരുക്കാനുള്ള ബി.ജെ.പി സര്‍ക്കാറിന്റെ നീക്കമായും ലോകം ഇതിനെ കാണൂ,’ തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.