ന്യൂദല്‍ഹി: ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിനായി എല്ലാ വീടുകളിലും ആയുധങ്ങള്‍ കരുതണമെന്ന ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്കിന്റെ പ്രസ്താവനക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര.
നിങ്ങളെപ്പോലുള്ളവരെ അകറ്റി നിര്‍ത്താന്‍ താന്‍ തന്റെ വീട്ടില്‍ ഒരു വാള്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.
‘സ്ത്രീകളെ സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ വാളുകളെ ആരാധിക്കണമെന്ന് ശ്രീരാമസേന പ്രസിഡന്റ് പ്രമോദ് മുത്തലിക്ക്.
അതെ സര്‍, ഞാന്‍ എന്റെ വാള്‍ റെഡിയാക്കി വെച്ചിട്ടുണ്ട്. നിങ്ങളെപ്പോലുള്ളവരെ അകറ്റി നിര്‍ത്താന്‍.
നിങ്ങളുടെ സേനയുടെ ആരെയെങ്കിലും എന്നിലേക്ക് അയക്കണമെങ്കില്‍ ഞാന്‍ നാദിയയിലാണുള്ളത്,’ മഹുവ ട്വീറ്റ് ചെയ്തു.
Sree Ram Sene Nat’l President Pramod Muthalik, asks Hindus to worship swords, not books & display at homes to protect their women
Yes Sir, I’ve got my sword ready. To keep loons like you at bay.
P.S. – I’m in Nadia in case you want to send your Sena types at me.
— Mahua Moitra (@MahuaMoitra) January 14, 2023
വീട്ടിനകത്ത് വാളുകള്‍ സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്നും ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിനായി എല്ലാ വീടുകളിലും ആയുധങ്ങള്‍ കരുതണമെന്നും പ്രമോദ് മുത്തലിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വീട്ടിലൊരു ആയുധം വെക്കുന്നത് കുറ്റകൃത്യമല്ലെന്നും, വീട്ടില്‍ ആയുധമുണ്ടെങ്കില്‍ ആരും ഹിന്ദു സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ധൈര്യപ്പെടില്ലെന്നും മുത്തലിക് പറഞ്ഞു.
‘ഹിന്ദുക്കള്‍ മുമ്പും ആയുധങ്ങളെ പൂജിക്കുന്നതാണ്. ഇപ്പോള്‍ നമ്മള്‍ പേനയെയും പുസ്തകങ്ങളെയും വാഹനങ്ങളെയുമെല്ലാം പൂജിക്കുന്നു.
പൊലീസുകാരും അവരുടെ തോക്കുകളെയാണ് രേഖകളെയൊന്നുമല്ല പൂജിക്കുന്നത്. ആയുധങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുകയും പൂജിക്കുകയും വേണം.
വീട്ടില്‍ ആയുധം വെക്കുന്നത് പൊലീസുകാര്‍ ചോദ്യം ചെയ്യാന്‍ വന്നാല്‍ കാളി, ദുര്‍ഗ, ഹനുമാന്‍, ശ്രീരാമന്‍ എന്നിവര്‍ക്കെതിരെയെല്ലാം കേസ് കൊടുക്കാന്‍ പറയണം,’ മുത്തലിക് പറഞ്ഞു.
മുത്തലിക്കിന്റെ പ്രസംഗത്തിന്റെ വിഡിയോ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Content Highlight: Mahua Moitra responded to Sri Rama Sena chief Pramod Muthalik’s statement that weapons should be kept in every house for the protection of Hindu women