| Sunday, 17th January 2021, 11:11 am

'നാഷണ്‍ നീഡ്‌സ് ടു നോ'; അര്‍ണബിന്റെ ചാറ്റില്‍ പുറത്തുവന്ന കാര്യങ്ങള്‍ക്ക് ഉത്തരം മോദിയും ഷായും നല്‍കുമായിരിക്കും അല്ലേ!; മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത:റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

ബാലക്കോട്ട് സ്ട്രൈക്കുകളെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുന്നതിനെക്കുറിച്ചും ടിവി അവതാരകനായ അര്‍ണബ് ഗോസ്വാമിക്ക് സര്‍ക്കാര്‍ മുന്‍കൂട്ടി വിവരം നല്‍കിയെന്ന കാര്യം വാട്‌സ് ആപ്പ് ചാറ്റ് പുറത്തുവന്നതില്‍ നിന്ന് വ്യക്തമാണെന്ന് മഹുവ പറഞ്ഞു.
രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ബാധ്യസ്ഥരാണെന്നും അവര്‍ പറഞ്ഞു.

” രാഷ്ട്രത്തിന് അറിയേണ്ടതുണ്ട്: ബാലകോട്ട് സ്ട്രൈക്കുകളെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കുന്നതിനെക്കുറിച്ചും ടിവി അവതാരകന് സര്‍ക്കാര്‍ മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയതായി വാട്സ്ആപ്പ് ചാറ്റുകളുടെ പകര്‍പ്പ് വ്യക്തമാക്കുന്നു

എന്താണ് സംഭവിക്കുന്നത്? മോദി-ഷാ നമുക്ക് ഉത്തരം നല്‍കാന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ഞാന്‍ മാത്രമാണോ?” മഹുവ ചോദിച്ചു.

വെള്ളിയാഴ്ചയാണ് അര്‍ണബിന്റെയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസിന്റെയും വാട്സ് ആപ്പ് ചാറ്റ് പുറത്തായത്.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്.

അതിന് അര്‍ണബിന് ബാര്‍ക്ക് സി.ഇ.ഒ. ആശംസ അറിയിക്കുന്നുമുണ്ട്. അതിന് മറുപടിയായി തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജമെന്നും തനിക്ക് ഒരു മാസം കൂടി ദല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്ത് വന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ബി.ജെ.പി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട

പുല്‍വാമ ആക്രമണത്തില്‍ വലിയ ആഹ്ലാദപ്രകടനം നടത്തുന്ന റിപ്പബ്ലിക്ക് ടി. വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ വാട്സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറയുന്നത്. ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

2019 ഫെബ്രുവരി പതിനാലിന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്. രാജ്യത്തെ നടുക്കിയ, നിരവധി പട്ടാളക്കാരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mahua Moitra questions Amith shah and Modi On Aranab’s Chat

We use cookies to give you the best possible experience. Learn more