|

മതിലെങ്കില്‍ മതില്‍; ബംഗാളിനെ ബി.ജെ.പിയില്‍ നിന്ന് കാക്കുന്നുണ്ടല്ലോ; മോദിക്ക് മഹുവയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് മുന്നില്‍ ഒരു മതിലുപോലെ തടസ്സം നില്‍ക്കുകയാണ് മമത എന്നായിരുന്നു മോദിയുടെ ആരോപണം.

ഒരു മതിലുപോലെ നിന്ന് മമത ബംഗാളിനെ കാക്കുന്നതിന് നന്ദി എന്നായിരുന്നു മഹുവയുടെ പ്രതികരണം.

” കേന്ദ്ര പദ്ധതികളെ ബംഗാള്‍ മുഖ്യമന്ത്രി മതില്‍ പോലെ തടയുന്നു എന്ന് പ്രധാനമന്ത്രി പറയുന്നു, അവര്‍ ഒരു മതില്‍ പോലെ നില്‍ക്കുന്നതിന് ദൈവത്തിന് നന്ദി, ബംഗാളിനെ നശിപ്പിച്ചില്ലാതാക്കുന്നതില്‍ നിന്ന് ബി.ജെ.പിയെ തടയുന്നുണ്ടല്ലോ” മഹുവ പറഞ്ഞു.

നേരത്തെ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി രംഗത്തെത്തിയിരുന്നു.

ബംഗാളിനെ സുവര്‍ണ ബംഗാളാക്കാമെന്ന് നിരന്തരം പറയുന്ന മോദി എന്തുകൊണ്ടാണ് ഇത്രയും കാലം കൊണ്ട് ഇന്ത്യയെ സുവര്‍ണ ഇന്ത്യയും ത്രിപുരയെ സുവര്‍ണ ത്രിപുരയും ആക്കാതിരുന്നതെന്ന് അഭിഷേക് ചോദിച്ചു.

ബംഗാളിന്റെ വികസനത്തെക്കുറിച്ച് മമത പത്ത് വര്‍ഷത്തെ റിപ്പോര്‍ട്ട് നല്‍കിയെന്നും മോദിയുടെ റിപ്പോര്‍ട്ട് കാര്‍ഡ് എവിടയൊണെന്നും അദ്ദേഹം ചോദിച്ചു.

പത്ത് വര്‍ഷംകൊണ്ട് മമത എന്തുചെയ്തുവെന്നും ഏഴ് വര്‍ഷത്തിനുള്ളില്‍ മോദി എന്തുചെയ്തുവെന്നും
പറയാന്‍ മോദിയെ താന്‍ ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുകയാണെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു. അങ്ങനെയൊരു അവസരം ഉണ്ടായാല്‍ മോദിയെ തൃണമൂല്‍ തീര്‍ച്ചയായും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

”പ്രധാനമന്ത്രി മോദി 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. നിങ്ങള്‍ക്ക് കിട്ടിയോ? ഇന്ന്, അദ്ദേഹം അഞ്ച് വര്‍ഷം ആവശ്യപ്പെടുന്നു. നോട്ട് നിരോധന സമയത്ത് അദ്ദേഹം 50 ദിവസം ചോദിച്ചതോര്‍ക്കുക . അദ്ദേഹത്തിന് വാക്ക് പാലിക്കാന്‍ കഴിയില്ല. അദ്ദേഹം അഞ്ച് വര്‍ഷം ആവശ്യപ്പെട്ടാല്‍ 500 വര്‍ഷം എടുക്കുമെന്ന് ഓര്‍ക്കുക,” അഭിഷേക് പറഞ്ഞു,

ബംഗാളിലെ വികസനം തൃണമൂല്‍ കോണ്‍ഗ്രസ് വര്‍ഷങ്ങളായി മുരടിപ്പിക്കുകയാണ് എന്നായിരുന്നു മോദിയുടെ വിമര്‍ശനം. ഇതിന് പിന്നാലെ മോദിക്കെതിരെ മമതയും രംഗത്തെത്തിയിരുന്നു. സ്വന്തം പേരില്‍ സ്റ്റേഡിയം പണിയലല്ലാതെ ഏഴ് കൊല്ലം കൊണ്ട് മോദി എന്താണ് ചെയ്തതെന്നും ടാഗോറാകാനാണ് മോദി ശ്രമിക്കുന്നതെന്നും മമത പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mahua Moitra Mocks Modi