ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസര്‍ക്കാര്‍ നയങ്ങളേയും പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. നോട്ട് നിരോധനം, ലോക് ഡൗണ്‍, കാര്‍ഷിക ബില്‍ തുടങ്ങിയ നടപടികളെ വിമര്‍ശിച്ചുകൊണ്ടാണ് മൊയ്ത്ര രംഗത്തെത്തിയിരിക്കുന്നത്.
”നോട്ട് നിരോധനം കൊണ്ടുവന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞു നിങ്ങളുടെ നല്ലതിനാണ്, നിങ്ങള്‍ക്കത് മനസ്സിലാകാത്തത് കൊണ്ടാണ്, ഒരു മുന്നറിയിപ്പും കൂടാതെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞു നിങ്ങളുടെ നന്മയ്ക്കാണ് നിങ്ങള്‍ക്കത് മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ്, കാര്‍ഷിക ബില്ലുകള്‍ അവതരിപ്പിച്ചപ്പോള്‍ പറഞ്ഞു നിങ്ങളുടെ നല്ലതിനാണ് നിങ്ങള്‍ക്കത് അറിഞ്ഞുകൂടാത്തതാണെന്ന്
ബി.ജെ.പി നിങ്ങള്‍ക്ക് മുന്നില്‍ ഉള്ളത് കഠിനമായ യാത്രയാണ്, പക്ഷേ നിങ്ങള്‍ക്കത് മനസ്സിലാകാത്തതുകൊണ്ടാണ്,” മൊയ്ത്ര പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പന്ത്രണ്ട് ദിവസമായി സമരം തുടരുമ്പോഴും കര്‍ഷകരുടെ നല്ലതിനാണ് മൂന്ന് നിയമങ്ങളും ഉണ്ടാക്കിയതെന്നാണ് കേന്ദ്രം ആവര്‍ത്തിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ തീരുമാനങ്ങളെ വിമര്‍ശിച്ചുകൊണ്ട് മഹുമ മൊയ്ത്ര രംഗത്തെത്തിയത്.
കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം
നാള്‍ക്കുനാള്‍ ശക്തിപ്പെടുമ്പോഴും പ്രശ്‌നം പരിഹരിക്കാന്‍ കാര്യമായ ഒരു നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
കേന്ദ്രവും കര്‍ഷകരും നടത്തിയ ചര്‍ച്ചകള്‍ പൂര്‍ണ പരാജയപ്പെടുമ്പോഴും ചര്‍ച്ചകള്‍ കൊണ്ടു മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ എന്ന് ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇനിയും ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ചൊവ്വാഴ്ച ഭാരത് ബന്ദ് നടത്താനും കര്‍ഷകര്‍ തീരുമാനിച്ചുട്ടുണ്ട്. വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഭാരത് ബന്ദിന് കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mahua Moitra mocks Modi on Farm Law