| Tuesday, 4th June 2024, 1:14 pm

മോദിക്കും അദാനിക്കും തിരിച്ചടി: മഹുവ മൊയ്ത്രക്ക് അരലക്ഷത്തിലധികം വോട്ടുകള്‍ക്ക് ലീഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മഹുവ മൊയ്ത്ര ലീഡ് ചെയ്യുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥി അമൃത് റായിയെ പിന്നിലാക്കി 57083 വോട്ടുകളുടെ ലീഡിലാണ് മഹുവ മുന്നേറുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മഹുവ മൊയ്ത്ര, ബി.ജെ.പിയില്‍ നിന്നുള്ള അമൃത റോയ്, സി.പി.ഐ(എം) ന്റെ എസ്.എം സാദി എന്നിവരാണ് കൃഷ്ണനഗര്‍ മണ്ഡലത്തിലെ മൂന്ന് പ്രധാന സ്ഥാനാര്‍ത്ഥികള്‍.

2019 ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ കല്യാണ്‍ ചൗബേയെ പരാജയപ്പെടുത്തിയാണ് മഹുവ മൊയ്ത്ര വിജയിച്ചത്. 45.00 ശതമാനം വോട്ടുകള്‍ നേടിയ മൊയ്ത്ര 614,872 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്. ഇപ്രാവശ്യവും വലിയ വിജയം കൈവരിക്കാം എന്ന കണക്കുകൂട്ടലില്‍ തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

മോദി-അദാനി കൂട്ടുകെട്ടിനെതിരെ പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിച്ചയാളാണ് മഹുവ മൊയ്ത്ര. എന്നാല്‍ അദാനിക്കെതിരെ ചോദ്യം ചോദിക്കാനായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്നും പ്രതിഫലം വാങ്ങി എന്ന പേരില്‍ മഹുവയെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയിരുന്നു.

മഹുവ ജയിച്ചാല്‍ അത് ബി.ജെ.പിക്കുള്ള കനത്ത തിരിച്ചടിയാകും. കൃഷ്ണനഗറിലെ ‘രാജ്മാത’ (രാജ്ഞി അമ്മ) എന്നറിയപ്പെടുന്ന ബി.ജെ.പിയുടെ അമൃത റോയ്, 18-ാം നൂറ്റാണ്ടിലെ ബംഗാള്‍ രാജാവിന്റെ പിന്‍ഗാമിയാണ്. കൃത്യമായ കണക്കുക്കൂട്ടലോടെയായിരുന്നു ബി.ജെ.പി അമൃത റോയിയെ സ്ഥാനാര്‍ത്ഥിയാക്കിയത്.

Content Highlight: Mahua Moitra leads by 57083 votes

We use cookies to give you the best possible experience. Learn more