Advertisement
India
തനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ തടയണം; മഹുവ മൊയ്ത്രയുടെ ആവശ്യം തള്ളി ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 04, 12:01 pm
Monday, 4th March 2024, 5:31 pm

ന്യൂദല്‍ഹി: തനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്‍കിയ ഹരജി തള്ളി ദല്‍ഹി ഹൈക്കോടതി. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് താന്‍ കൈക്കൂലി വാങ്ങിയെന്ന ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പ്രസ്താവന വിലക്കണമെന്നാവശ്യപ്പെട്ടാണ് മഹുവ മൊയ്ത്ര കോടതിയെ സമീപിച്ചത്.

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ഡിസംബറില്‍ മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്‍ലമെന്റില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചതിന് പകരമായി രണ്ട് കോടി രൂപയും ആഡംബര സമ്മാനങ്ങളും കൈക്കൂലിയായി വാങ്ങിയെന്നാരോപിച്ചാണ് മഹുവ മൊയ്ത്രയെ പുറത്താക്കാന്‍ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്.

എം.പിമാര്‍ക്ക് മാത്രം അറിയാവുന്ന പാര്‍ലമെന്റ് വെബ്‌സൈറ്റിന്റെ ലോഗിന്‍ ഐ.ഡിയും പാസ്‌വേര്‍ഡും മഹുവ വ്യവസായിക്ക് കൈമാറിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. മഹുവ മൊയ്ത്രക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കാന്‍ സാധിക്കാത്തതാണെന്നും വെബ്‌സൈറ്റിന്റെ ലോഗിന്‍ ഐ.ഡിയുടെ വിശദാംശങ്ങള്‍ കൈമാറിയതിനാണ് അവര്‍ക്ക് പണവും ആഡംബര സമ്മാനങ്ങളും കൈക്കൂലിയായി ലഭിച്ചതെന്നും എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് ഒരു എം.പിയില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവര്‍ത്തിയാണെന്നും എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. മോദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകയായ മഹുവ മൊയ്ത്ര കൈക്കൂലി ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും ലോഗിന്‍ വിശദാംശങ്ങള്‍ പങ്കുവെച്ചതായി സമ്മതിച്ചിരുന്നു.

മഹുവക്കെതിരായ നടപടി ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അതിനാല്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ട കാര്യമില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ആരോപണങ്ങളില്‍ സി.ബി.ഐ പ്രാഥമിക അന്വേഷണം നടത്തിവരികയാണ്. ഫെബ്രുവരിയില്‍ കേസുമായി ബന്ധപ്പെട്ട് മഹുവയെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.

Contant Highlight: Mahua Moitra Faces Court Setback On Request To Stop Bribery Allegations