| Tuesday, 8th September 2020, 7:08 pm

'ട്വീറ്റ് ചെയ്തു നടക്കുന്നവര്‍ക്ക് എന്തിനാണ് വൈ പ്ലസ് സുരക്ഷ മിസ്റ്റര്‍ ഹോം മിനിസ്റ്റര്‍'?; കങ്കണയ്ക്ക് സുരക്ഷ നല്‍കിയതില്‍ ചോദ്യവുമായി മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടി കങ്കണ റണൗത്തിന് മുംബൈയില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.

ഇന്ത്യന്‍ ജനസംഖ്യക്ക് ആനുപാതികമായി പൊലീസുകാരില്ലാത്ത സാഹചര്യത്തില്‍ എന്തിനാണ് ബോളിവുഡില്‍ ട്വീറ്റ് ചെയ്തു നടക്കുന്ന ഒരാള്‍ക്ക് വൈപ്ലസ് കാറ്റഗറി സുരക്ഷ നല്‍കുന്നതെന്നാണ് മഹുവയുടെ ചോദ്യം.

‘ ഇന്ത്യയില്‍ ജനസംഖ്യയിലെ ഒരു ലക്ഷം പേര്‍ക്ക് 138 പൊലീസുകാര്‍ എന്നാണ് അനുപാതം. 71 രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇതില്‍ ഇന്ത്യ എന്നിരിക്കെ എന്തിനാണ് ബോളിവുഡ് ട്വീറ്റരാറ്റിക്ക് വൈ പ്ലസ് സുരക്ഷ ലഭിക്കുന്നത്, റിസോര്‍സുകളുടെ വേറെ നല്ല ഉപയോഗം ഒന്നുമില്ലായിരുന്നോ? മിസ്റ്റര്‍ ആഭ്യന്തര മന്ത്രി,’ മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയിലെത്തുന്ന കങ്കണയ്ക്ക് കേന്ദ്രം സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് കങ്കണയ്ക്ക് ഏര്‍പ്പെടുത്തുന്നത്. ഒരു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്‍, കമാന്‍ഡോകള്‍, ഉള്‍പ്പെടെ 11 പൊലീസുകാര്‍ കങ്കണയുടെ സുരക്ഷയ്ക്കുണ്ടാകും.

മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിച്ചതിനു ശേഷം കങ്കണയും ശിവസേന സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് കങ്കണയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്.

കങ്കണയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. തലയ്ക്ക് സ്ഥിരതയില്ലാത്ത ‘മെന്റല്‍ കേസാണ്’ കങ്കണയെന്നാണ് സഞ്ജയ് പറഞ്ഞത്. എന്നാല്‍ ഞാന്‍ സെപ്റ്റംബര്‍ 9 ന് മുബൈയില്‍ എത്തുമെന്നും ആദ്യം കാണുന്നത് സജ്ജയ് റാവത്തിനെയായിരിക്കുമെന്നുമാണ് കങ്കണ മറുപടി നല്‍കിയത്.

കങ്കണ മുംബൈയില്‍ തിരിച്ചെത്തിയാല്‍ ശിവസേനയുടെ വനിതാ നേതാക്കള്‍ നടിയുടെ മുഖത്തടിക്കുമെന്നും ഇതിന്റെ പേരില്‍ ജയില്‍ പോവാനും തനിക്ക് മടിയില്ലെന്ന് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായികും പറഞ്ഞിരുന്നു. മുംബൈയില്‍ ജീവിക്കാന്‍ കങ്കണ റണൗത്തിന് യാതൊരു അവകാശവുമില്ലെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞത്.

ശിവസേന നേതാവ് സഞ്ജയ് റാവത്തും കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തലയ്ക്ക് സ്ഥിരതയില്ലാത്ത ‘മെന്റല്‍ കേസാണ്’ കങ്കണയെന്നാണ് സഞ്ജയ് പറഞ്ഞത്. എന്നാല്‍ ഞാന്‍ സെപ്റ്റംബര്‍ 9 ന് മുബൈയില്‍ എത്തുമെന്നും ആദ്യം കാണുന്നത് സജ്ജയ് റാവത്തിനെയായിരിക്കുമെന്നുമാണ് കങ്കണ മറുപടി നല്‍കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more