|

ശരദ് പവാര്‍-അദാനി കൂടിക്കാഴ്ചയില്‍ രൂക്ഷ വിമര്‍ശനവുമായി മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍, വ്യവസായി ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.

അദാനിയുമായി ഒറ്റക്കൊറ്റക്ക് ചര്‍ച്ച ചെയ്യാന്‍ തനിക്ക് പ്രത്യേകിച്ചൊന്നുമില്ലെന്നും ഒരു രാഷ്ട്രീയപ്രവര്‍ത്തകനും അദാനിയുമായി ഇടപെടാന്‍ പാടില്ലെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ശരദ് പവാറിനെ ലക്ഷ്യം വെച്ച്, മറാത്ത നേതാവിനെ എതിര്‍ക്കാന്‍ തനിക്ക് ഭയമില്ലെന്നും അവര്‍ വ്യക്തമാക്കി.

ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. നേരത്തെയും അദാനിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി മഹുവ രംഗത്തെത്തിയിരുന്നു. തന്റെ ട്വീറ്റ് പ്രതിപക്ഷ ഐക്യത്തിനെതിരല്ലെന്നും അതിനുമപ്പുറം പൊതുജന താത്പര്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും മഹുവ പറഞ്ഞു.

ശരദ് പവാറിന്റെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അദാനിയുമായുള്ള കൂടിക്കാഴ്ച നടന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദാനിയെ പിന്തുണച്ച് നേരത്തെ ശരദ് പവാര്‍ രംഗത്ത് വന്നിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് മുഖം തിരിക്കുന്ന നിലപാടായിരുന്നു ആദ്യം ശരദ് പവാര്‍ സ്വീകരിച്ചത്.

വിഷയത്തില്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി നിയമിച്ച സംഘത്തിന്റെ കാര്യത്തില്‍ തനിക്ക് അനുകൂല നിലപാടാണ് ഉള്ളതെന്നും പവാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയെ താന്‍ എതിര്‍ക്കില്ലെന്ന് പിന്നീട് പവാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ ഐക്യം മുന്‍നിര്‍ത്തിയായിരുന്നു പവാര്‍ തന്റെ നിലപാടില്‍ മാറ്റം വരുത്തിയത്. ഇതിനെ തുടര്‍ന്ന് അദാനി പവാറുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

‘അദാനി അയാളുടെ സുഹൃത്തുക്കള്‍ വഴി ഞാനുമായും മറ്റ് ചിലരുമായും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അയാള്‍ക്കതിന് കഴിഞ്ഞില്ല. എനിക്ക് ഒറ്റക്കൊറ്റക്ക് അദാനിയുമായി സംസാരിക്കാനൊന്നുമില്ല. ഗവണ്‍മെന്റ് കൃത്യമായി നടപടികളെടുക്കുന്നത് വരെ അദാനിയുമായി ഒരു രാഷ്ട്രീയപ്രവര്‍ത്തകരും ഇടപെടാന്‍ പാടില്ല എന്നാണ് ഞാന്‍ ശക്തമായി വിശ്വസിക്കുന്നത്,’ മഹുവ ട്വീറ്റ് ചെയ്തു.

ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഓഹരികളുടെ കാര്യത്തില്‍ വന്‍ കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പുമുള്‍പ്പെടെ ഗുരുതരമായ കുറ്റങ്ങള്‍ അദാനി ഗ്രൂപ്പ് നടത്തിയിട്ടുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്.

Content Highlights: Mahua Moitra criticizes Sharad Pawar-Adani meeting

Video Stories