പശ്ചിമ ബം​ഗാളിൽ യഥാർത്ഥ മാറ്റം കൊണ്ടുവരുമെന്ന് മോദി; ഒരു സംശയവുമില്ലെന്ന് മഹുവ
national news
പശ്ചിമ ബം​ഗാളിൽ യഥാർത്ഥ മാറ്റം കൊണ്ടുവരുമെന്ന് മോദി; ഒരു സംശയവുമില്ലെന്ന് മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th March 2021, 5:48 pm

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞടുപ്പ് റാലിയെ ട്രോളി തൃണമൂൽ കോൺ​ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബം​ഗാളിൽ യഥാർത്ഥ മാറ്റം കൊണ്ടുവരുമെന്ന മോദിയുടെ പരാമർശത്തെയാണ് മഹുവ മൊയ്ത്ര പരിഹസിച്ചത്.

ബി.ജെ.പി കഴിഞ്ഞ ഏഴുവർഷം ചെയ്തത് വെച്ചു നോക്കുമ്പോൾ ശരിയായ മാറ്റം കൊണ്ടുവരുമെന്നതിൽ ഒട്ടും സംശയിക്കാനില്ലെന്നാണ് മഹുവ പരിഹാസ രൂപേണ പറഞ്ഞത്. കഴിഞ്ഞ ഏഴുവർഷം ഇന്ത്യയുടെ ഘടനയിൽ ബി.ജെ.പി ചെയ്തത് വെച്ചുനോക്കുമ്പോൾ മാറ്റം കൊണ്ടുവരുമെന്ന് മോദി പറഞ്ഞത് വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ലെന്നും മഹുവ പറഞ്ഞു.

കൊൽക്കത്ത റാലിക്കിടെയാണ് പശ്ചിമ ബം​ഗാളിൽ ശരിയായ മാറ്റം കൊണ്ടുവരുമെന്ന് നരേന്ദ്ര മോദി പറഞ്ഞത്. മമത ബം​ഗാളിന്റെ പ്രതീക്ഷ തകർത്തുവെന്നും സുവർണ ബം​ഗാളിനായി ജനം വിധിയെഴുതുമെന്നും മോദി കൊൽക്കത്ത റാലിയിൽ പറഞ്ഞു. യഥാർത്ഥ മാറ്റം എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രതികരണം.

പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയത്. ഇടതുപാർട്ടികൾക്കെതിരെയും മോദി റാലിയിൽ വിമർശനം ഉന്നയിച്ചു.

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ച പശ്ചിമ ബം​​ഗാളിലേക്ക് ഉടൻ പുറപ്പെടുമെന്ന് ബി.കെ.യു നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു, സർക്കാരിപ്പോൾ കൊൽക്കത്തയിലാണ് അതുകൊണ്ട് കർഷകരും കൊൽക്കത്തയ്ക്ക് പുറപ്പെടുകയാണ് എന്നാണ് രാകേഷ് ടികായത് പറഞ്ഞത്.

അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്ന് ബി.ജെ.പി നേതാവ് സുവേന്തു അധികാരി ബെഹാലയിലെ റാലിയിൽ പറഞ്ഞത് വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്ക് എതിരെ മത്സരിക്കുന്നത് സുവേന്തു അധികാരിയാണ്. മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന സുവേന്തു അധികാരി അടുത്ത കാലത്താണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിനെ നന്ദിഗ്രാമില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Mahua Moitra Criticises Narendra modi over his Kolkata Rally Remarks