കൊല്‍ക്കത്ത: മനുഷ്യാവകാശ പ്രവര്‍ത്തകനും ക്രൈസ്തവ പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ പ്രതികരിച്ച് തൃണമൂല്‍ എം.പി. മഹുവ മൊയ്ത്ര. നീതിയ്ക്കായി പടവെട്ടുന്നവര്‍ ഇപ്പോഴും വെന്റിലേറ്ററിലെന്നാണ് മഹുവ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.
‘ജാമ്യത്തിനായി കാത്തുനിന്ന് ഒടുവില്‍ 84 കാരനായ സ്റ്റാന്‍ സ്വാമി അന്തരിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വന്തം വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു. ജാമ്യം വരെ നിഷേധിച്ചു. ലജ്ജ തോന്നുന്നു രാജ്യത്തെ സംവിധാനങ്ങളെ ഓര്‍ത്ത്. രാജ്യത്തെ നീതി ഇപ്പോഴും വെന്റിലേറ്ററിലാണ് എന്നതില്‍ ദു:ഖവും,’ മഹുവ പറഞ്ഞു.
സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമാണെന്നാണ് സി.പി.ഐ.എം പറഞ്ഞത്. അദ്ദേഹത്തിന്റെ മരണത്തില്‍ അഗാധമായ വേദനയും കോപവുമുണ്ടെന്ന് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു.
അപമാനബോധം കൊണ്ട് ഇന്ത്യന്‍ ജനത തലകുനിക്കേണ്ട സംഭവമാണ് സ്റ്റാന്‍ സാമിയുടെ നിര്യാണമെന്നാണ് സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞത്.
84-year old Stan Swamy dies waiting for bail.
NIA arrested him in Oct from his home in a late-night raid, opposed his bail saying no “conclusive proof” of his ailments.
Ashamed & saddened at how justice is on a ventilator in this country.
— Mahua Moitra (@MahuaMoitra) July 5, 2021
മുംബൈ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ചായിരുന്നു സ്റ്റാന്‍ സ്വാമി അന്തരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് ഹൃദയാഘാതം സംഭവിച്ചിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് 1.30യോടെയായിരുന്നു അന്ത്യം.
മരണം അഭിഭാഷകന്‍ മുംബൈ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഭീമാ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുന്നതിനിടെയാണ് അന്ത്യം. ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നത് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹരജി അടിയന്തരമായി പരിഗണിക്കണമന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ തിങ്കളാഴ്ച രാവിലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അറസ്റ്റിലായവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന യു.എ.പി.എയിലെ വകുപ്പുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം സ്റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു.
ആരോഗ്യകാരണങ്ങളെത്തുടര്‍ന്ന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ സ്റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട 43 ഡി (5)വകുപ്പ് ചോദ്യം ചെയ്ത് വീണ്ടും ഹരജി സമര്‍പ്പിച്ചത്.
കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആരോപണ വിധേയരായവരെ നിരപരാധികളായി കാണണമെന്നാണ് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെന്നും എന്നാല്‍ ഇത്തരം കടുത്ത നിയമങ്ങള്‍ അത് പാലിക്കുന്നില്ലെന്നും ഹരജിയില്‍ സ്റ്റാന്‍ സ്വാമി ചൂണ്ടിക്കാട്ടി.
മുബൈ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് എന്‍.ഐ.എ. അറസ്റ്റ് ചെയ്യുന്നത്.
ഈ കേസില്‍ ഇതിനോടകം സാമൂഹ്യപ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്ചോര്‍, ജ്യോതി ജഗ്തപ്, എന്നിവര്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Mahua Moitra Condemns Fr Stan Swamy’s Death