ന്യൂദല്‍ഹി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്. രേഖ ശര്‍മക്കെതിരെ മഹുവ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് നടപടി.
വെള്ളിയാഴ്ച വനിതാ കമ്മീഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. പിന്നീട് ദല്‍ഹി പൊലീസിനും അവര്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് മഹുവ നടത്തിയതെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞിരുന്നു.
ഹത്രാസിലെത്തിയ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയ്ക്ക് ഒരാള്‍ കുട പിടിച്ച് കൊടുത്തതിനെ വിമര്‍ശിച്ചായിരുന്നു മഹുവ രംഗത്തെത്തിയത്. ബോസിന്റെ വസ്ത്രം താങ്ങി നടക്കുന്നതിന്റെ തിരക്കിലാണ് രേഖ ശര്‍മയെന്നാണ് എക്‌സില്‍ പങ്കുവെച്ച വീഡിയോക്ക് താഴെ മഹുവ കമന്റിട്ടത്.
പരാതിയില്‍ അടിയന്തരമായി നടപടിയെടുക്കാന്‍ മഹുവ ദല്‍ഹി പൊലീസിനെ നേരത്തെ വെല്ലുവിളിച്ചിരുന്നു. താന്‍ ബംഗാളിലെ നാദിയയില്‍ ഉണ്ടാകും. മൂന്ന് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നാണ് ദല്‍ഹി പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് മഹുവ എക്‌സില്‍ കുറിച്ചത്.
അപകീര്‍ത്തികരമായ പരാമര്‍ശമാണ് മഹുവ നടത്തിയത്. മഹുവ നടത്തിയ അസഭ്യമായ പരാമര്‍ശങ്ങള്‍ അതിരുകടന്നതും സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുന്നതുമാണ്. മഹുവയുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Mahua Moitra booked by Delhi Police for allegedly derogatory post about NCW chief