ട്രംപിനെതിരെ പോലെ ഇന്ത്യയിലെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ എപ്പോള്‍ നടപടിയെടുക്കും? അതോ ബിസിനസ് നഷ്ടമാകുമെന്ന ഭയമുണ്ടോ?: മഹുവ
national news
ട്രംപിനെതിരെ പോലെ ഇന്ത്യയിലെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ എപ്പോള്‍ നടപടിയെടുക്കും? അതോ ബിസിനസ് നഷ്ടമാകുമെന്ന ഭയമുണ്ടോ?: മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th January 2021, 9:09 am

കൊല്‍ക്കത്ത: ഇന്ത്യയില്‍ വിദ്വേഷ പ്രചരണങ്ങളും വ്യാജവാര്‍ത്തകളും പടച്ചുവിടുന്നവര്‍ക്കെതിരെ എന്നായിരിക്കും ഫേസ്ബുക്ക് നടപടിയെടുക്കുകയെന്ന ചോദ്യവുമായി തൃണമൂല്‍ എം.പി മഹുവ മൊയിത്ര. ട്രംപിന് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിനും അനിശ്ചിത കാല വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു മഹുവയുടെ പ്രതികരണം.

‘സോഷ്യല്‍ മീഡിയയിലൂടെ കലാപാഹ്വാനം നടത്തുമെന്നുള്ളതുകൊണ്ടാണ് ട്രംപിന് ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്.

ഇന്ത്യയില്‍ വിദ്വേഷ/വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഇതേ മാനദണ്ഡങ്ങളും നിയമനടപടികളും എപ്പോഴാണ് നിങ്ങള്‍ സ്വീകരിക്കുക മിസ്റ്റര്‍ സുക്കര്‍ബര്‍ഗ്? അതോ നിങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്ന പേടിയാണോ?,’ മഹുവ മൊയിത്ര ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ ഫേസ്ബുക്കിലൂടെയുള്ള കലാപാഹ്വാനങ്ങളില്‍ ഫേസ്ബുക്ക് ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിരവധി ബി.ജെ.പി എം.എല്‍.എമാരുടെയും നേതാക്കളുടെയും വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും ഫേസ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും നീക്കം ചെയ്യാത്തതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഫേസ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ഫേസ്ബുക്കിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കുന്നത് ഒഴിവാക്കണമെന്ന് അന്ന് ഫേസ്ബുക്കിന്റെ പോളിസി ഹെഡ് ആയിരുന്ന അങ്കി ദാസ് ഉപദേശിച്ചതായി വാള്‍സ്ട്രീറ്റ് ജേണലില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

ബി.ജെ.പി നേതാവ് ടി രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തിയതായും കണ്ടെത്തിയിരുന്നു.

ഇന്ത്യയിലെ ഫേസ്ബുക്ക് പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള ഫേസ്ബുക്കിന്റെ നയങ്ങളെ അവഗണിച്ച് കൊണ്ട് മുസ്‌ലിം വിരുദ്ധത പറയാന്‍ അനുവദിക്കുന്നുണ്ടെന്നുമുള്ളവാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ടൈംസ് മാഗസിന്റെ റിപ്പോര്‍ട്ടും ഫേസ്ബുക്കിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അനിശ്ചിത കാലത്തേക്ക് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചത്.

പ്രസിഡന്റ് പദവി കൈമാറ്റം പൂര്‍ത്തിയാക്കുന്നത് വരെയാണ് ട്രംപിന് നിരോധനം ഏര്‍പ്പെടുത്തിയത്.

‘ഞങ്ങളുടെ സംവിധാനം ഉപയോഗിക്കുന്നതിന് അദ്ദേഹത്തെ അനുവദിക്കുന്നത് പ്രയാസമേറിയ ഒന്നാണെന്ന് വിശ്വസിക്കുന്നു. അതിനാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ നിരോധനം ഞങ്ങള്‍ ദീര്‍ഘിപ്പിക്കുകയാണ്’, സുക്കര്‍ബര്‍ഗ് പറഞ്ഞു.

നേരത്തെ ട്രംപിന്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ട്വിറ്റര്‍ ട്രംപിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mahua Moitra asks Zuckerberg that when will he take action against the hate speeches in India