പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹുവ മോയ്ത്ര സുപ്രീം കോടതിയില്‍; രജിസ്ട്രാറുടെ അടുത്തുപോകാന്‍ ചീഫ് ജസ്റ്റിസ്
Citizenship Amendment Act
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹുവ മോയ്ത്ര സുപ്രീം കോടതിയില്‍; രജിസ്ട്രാറുടെ അടുത്തുപോകാന്‍ ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2019, 11:17 am

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. ഹരജിയില്‍ ഇന്ന് അടിയന്തരമായി വാദം കേള്‍ക്കണമെന്ന മഹുവയുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തള്ളി.

ഹരജി പരിഗണിക്കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെടാനായിരുന്നു അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചത്.

ഇന്നലെ രാത്രിയാണു രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്. ഗസറ്റില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

105-നെതിരെ 125 വോട്ടുകള്‍ക്കായിരുന്നു ബുധനാഴ്ച ബില്‍ രാജ്യസഭ പാസാക്കിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനത്ത പ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസമിലും ത്രിപുരയിലും മേഘാലയിലും വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം നിരോധനാജ്ഞയെ മറികടന്നും പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അസമില്‍ സേനയെ വിന്യസിക്കുകയും പൊലീസ് വെടിവെയ്പില്‍ മൂന്നുപേര്‍ മരിക്കുകയും ചെയ്തിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.