ന്യൂദല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നവരുടെ മുഖത്തേറ്റ അടിയാണ് ഇ.ഡി. ഡയറക്ടര്‍ സഞ്ജയ് മിശ്രയെ പുറത്താക്കിയ സുപ്രീം കോടതി നടപടിയെന്ന് ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി. സഞ്ജയ് മിശ്രയുടെ ഇതുവരെയുള്ള മുഴുവന്‍ നടപടികളിന്മേലിലും അന്വേഷണം നടത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
‘സുപ്രീം കോടതിയുടേത് മികച്ചൊരു തീരുമാനമാണ്. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തും നിയമവിരുദ്ധമായി കാലാവധി നീട്ടിയും, ഭീകരതയുടെയും സ്വഭാവഹത്യയുടെയും അന്തരീക്ഷം സൃഷ്ടിച്ചവരുടെ മുഖത്തേറ്റ അടിയാണ് ഈ തീരുമാനം.
ഇ.ഡി. ഡയറക്ടറുടെ കാലാവധി നീട്ടിയ നിയമനം നിയമവിരുദ്ധമായിരുന്നു എങ്കില്‍ അദ്ദേഹം ഇക്കാലയളവില്‍ എടുത്ത നടപടികളെല്ലാം അന്വേഷിക്കപ്പെടണം. സുപ്രീം കോടതിയില്‍ നിന്നുണ്ടായ ഈ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ എന്തെങ്കിലും മാന്യതയുണ്ടെങ്കില്‍ ഈ മാസാവസാനം വരെ തുടരാന്‍ ഇ.ഡി ഡയറക്ടര്‍ക്ക് തയ്യാറാവരുത്,’ പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഒരു കൂട്ടം ഹരജിക്കാരാണ് ഇ.ഡി. ഡയറക്ടറുടെ കാലാവധി നീട്ടിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ജയ താക്കൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര എന്നിവരാണ് ഇവരില്‍ പ്രധാനികള്‍.
സഞ്ജയ് മിശ്രക്ക് കാലാവധി നീട്ടിനല്‍കിയ കേന്ദ്ര നടപടി റദ്ദാക്കിയ സുപ്രീം കോടതി നടപടിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര നന്ദിയറിയിച്ചു. ‘ഇ.ഡി. ഡയറക്ടറുടെ കാലാവധി നീട്ടിയതിനെ ചോദ്യം ചെയ്തുള്ള ഹരജി വിജയം കണ്ടിരിക്കുന്നു. നിയമനം അസാധുവാണെന്ന് കണ്ടെത്തിയ സുപ്രീം കോടതിക്ക് നന്ദി,’ മഹുവ ട്വീറ്റ് ചെയ്തു.
‘ബി.ജെ.പിക്കാരേ… തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നിങ്ങളോട് പോരാടും.. ഞങ്ങള്‍ നിങ്ങളോട് കോടതിയില്‍ പോരാടും.. ഞങ്ങള്‍ വയലുകളിലും തെരുവുകളിലും പോരാടും… ഒരിക്കലും ഞങ്ങള്‍ ഇനി നിങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല,’ മഹുവ ട്വിറ്ററില്‍ കുറിച്ചു.
ഇ.ഡി ഡയറക്ടര്‍ക്ക് മൂന്നാം തവണയും കാലാവധി നീട്ടിനല്‍കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി നടപടിയെ അഭിനന്ദിച്ച് നിരവധി പ്രതിപക്ഷ നേതക്കളും രംഗത്തെത്തി.
നിലവിലെ ഇ.ഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് മൂന്നാമതും കാലാവധി നീട്ടി നല്‍കിയ നടപടിയാണ് സുപ്രീം കോടതി ചൊവ്വാഴ്ച റദ്ദാക്കിയത്. ജൂലൈ 31 വരെ സഞ്ജയ് കുമാറിന് പദവി ഒഴിയാന്‍ കോടതി സമയം അനുവദിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധിയുണ്ടായിട്ടും മിശ്രയ്ക്ക് കാലാവധി നീട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.