150 ഇ.വി.എം തകരാറില്‍; ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഗുരുതരവീഴ്ചയെന്ന് മഹുവ
West Bengal Election 2021
150 ഇ.വി.എം തകരാറില്‍; ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഗുരുതരവീഴ്ചയെന്ന് മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st April 2021, 12:41 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 150 ഓളം ഇ.വി.എമ്മുകള്‍ തകരാറിലായതായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ച ഉത്സാഹത്തിന്റെ പകുതിയെങ്കിലും ഇ.വി.എമ്മിന്റെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നെന്നും മഹുവ പറഞ്ഞു.

30 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.


സൗത്ത് 24 പര്‍ഗ നാസ്, ബങ്കുര, പഷിം മേദിനിപൂര്‍, പുര്‍ബ, മേദിനിപൂര്‍ എന്നീ ജില്ലകളിലായാണ് പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. തൃണമൂലില്‍ നിന്നു പുറത്തു പോയ സുവേന്തു അധികാരിയും മമത ബാനര്‍ജിയും തമ്മില്‍ മത്സരിക്കുന്ന നന്ദിഗ്രാമിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്.

സുരക്ഷാ കരണങ്ങളാല്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ച്ച് 27നായിരുന്നു പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്.

മമതയും സുവേന്തു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് നന്ദിഗ്രാം പിടിച്ചെടുക്കുക എന്നത് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.

നന്ദിഗ്രാമിലെ ഹിന്ദു വോട്ട് ലക്ഷ്യമിട്ട് പ്രചാരണത്തിനിറങ്ങിയ ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിരുന്നു. മമത മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്ന നേതാവാണ് എന്നായിരുന്നു പ്രധാനമായും ബി.ജെ.പി തെരഞ്ഞെടുപ്പ് വിഷയമായി നന്ദി ഗ്രാമില്‍ ഉയര്‍ത്തിക്കാട്ടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight; Mahua Moitra alleges over 150 EVMs malfunctioned in Bengal phase II polls