നിങ്ങളുടെ മങ്കിബ്രിഗേഡുകളെ കൊണ്ടൂവരൂ, പൊലീസിനെ ഇറക്കൂ, പക്ഷേ, യോഗിജീ നിങ്ങള്‍ പറയുന്നത് കേട്ട് പ്രതിഷേധം ഉപേക്ഷിച്ച് ആരും പോകില്ല: മഹുവ മൊയ്ത്ര
national news
നിങ്ങളുടെ മങ്കിബ്രിഗേഡുകളെ കൊണ്ടൂവരൂ, പൊലീസിനെ ഇറക്കൂ, പക്ഷേ, യോഗിജീ നിങ്ങള്‍ പറയുന്നത് കേട്ട് പ്രതിഷേധം ഉപേക്ഷിച്ച് ആരും പോകില്ല: മഹുവ മൊയ്ത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th January 2021, 8:03 am

കൊല്‍ക്കത്ത: കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നീക്കത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. യോഗിയുടെ ഉത്തരവ് കേട്ട് പ്രതിഷേധം നിര്‍ത്തി ആരും പോകാന്‍ പോകുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഖാസിപൂരില്‍ നിന്ന് കര്‍ഷകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മഹുവയുടെ പ്രതികരണം.

” യോഗിജി നിങ്ങള്‍ പറയുന്നത് കേട്ട് ആരും പ്രതിഷേധ സ്ഥലത്തു നിന്ന് പോകില്ല!ഈ ഭൂമി ഞങ്ങളുടേതാണ് , നിങ്ങള്‍ നിങ്ങളുടെ ജലപീരങ്കികള്‍ കൊണ്ടുവരൂ, നിങ്ങളുടെ പൊലീസുകാരേയും നിങ്ങളുടെ മങ്കി ബ്രിഗേഡുകളേയും കൊണ്ടുവരൂ, നിങ്ങളുടെ വിദ്വേഷവും വര്‍ഗീയതയും കൊണ്ടുവരൂ..ഞങ്ങള്‍ നിങ്ങളെ നേരിടും ,ഞങ്ങള്‍ വിജയിക്കും!” മഹുവ പറഞ്ഞു.

ഖാസിപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കാന്‍ കേന്ദ്രസേനയെ സര്‍ക്കാര്‍ രംഗത്തിറക്കിയിരുന്നു. എന്നാല്‍ ഖാസിപൂരില്‍ സമരവേദി ഒഴിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് താത്കാലികമായി ജില്ലാഭരണകൂടം പിന്‍വാങ്ങിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സമര വേദിയില്‍ കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ചതോടെയാണ് തീരുമാനത്തില്‍ നിന്ന് സേന പിന്‍വാങ്ങിയത്.

കഴിഞ്ഞ ദിവസം രാത്രി തന്നെ സമരവേദി ഒഴിയണമെന്നായിരുന്നു ഭരണകൂടം കര്‍ഷകരോട് ആവശ്യപ്പെട്ടത്. പൊലീസും കേന്ദ്ര സേനയും സ്ഥലത്ത് നിലയുറപ്പിച്ചതോടെ ആശങ്ക തുടരുകയായിരുന്നു.

എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസും കേന്ദ്ര സേനയും മടങ്ങിയതോടെ കര്‍ഷകര്‍ ദേശീയ പതാകയേന്തി ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു.

ഖാസിപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കാനെത്തിയ യു.പി പൊലീസിനോട് സമരവേദിയില്‍ സംഘര്‍ഷമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികേത് പറഞ്ഞിരുന്നു.

സമാധാനപരമായി സമരം നടത്താന്‍ കോടതി ഉത്തരവുണ്ടെന്നും ബലപ്രയോഗത്തിലൂടെ തങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ വെടിയാനും തങ്ങള്‍ തയ്യാറാണെന്നും തികേത് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Mahua Moitra Against Up CM Yogi Adhithya Nath