| Wednesday, 24th July 2019, 2:39 pm

'സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ അവര്‍ ദേശവിരുദ്ധര്‍'; മോദിസര്‍ക്കാരിനെതിരെ വീണ്ടും മഹുവ മൊയ്ത്ര; ഇത്തവണ യു.എ.പി.എ ബില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എ.പി.എ ഭേദഗതി ബില്ലിനെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്ര. സര്‍ക്കാരിനെതിരെ ആരെങ്കിലും സംസാരിച്ചാല്‍ എന്തുകൊണ്ടാണ് അവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നതെന്ന് മഹുവ ചോദിച്ചു.

സര്‍ക്കാരിനെ ‘പ്രത്യേക ഉദ്ദേശ്യത്തോടുകൂടി പ്രചാരണം നടത്തുന്ന സംവിധാനം’ എന്നും ‘പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള ട്രോള്‍ ആര്‍മി’ എന്നുമാണ് മഹുവ വിശേഷിപ്പിച്ചത്.

ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് സഭയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതില്‍ത്തന്നെ ഉറച്ചുനിന്നു. താനിതു പിന്‍വലിക്കില്ലെന്ന് മഹുവ മറുപടിയായി പറഞ്ഞു.

ആവശ്യമായ നടപടിക്രമങ്ങളോ അന്വേഷണമോ ഇല്ലാതെ ഏതു വ്യക്തിയെയും ഭീകരരായി മുദ്രകുത്താന്‍ അനുവാദം നല്‍കുന്നതാണ് ഈ ബില്ലെന്നും മഹുവ ആരോപിച്ചു. ഫെഡറല്‍ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണ് ബില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

‘കേന്ദ്രം ആരെയെങ്കിലും ലക്ഷ്യം വെയ്ക്കുന്നുണ്ടെങ്കില്‍ അത് ഏതെങ്കിലും വിധേന അവര്‍ നേടും. തൃണമൂല്‍ എപ്പോഴൊക്കെ ബില്ലിനെ എതിര്‍ക്കുന്നുവോ അപ്പോഴൊക്കെ ദേശവിരുദ്ധര്‍ എന്നു മുദ്രകുത്തപ്പെടും.

എന്തുകൊണ്ടാണ് എനിക്ക് അപകടം മണക്കുന്നത് ? ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിയോജിക്കുമ്പോള്‍ എന്തിനാണ് പ്രതിപക്ഷത്തെ ദേശവിരുദ്ധര്‍ എന്നു വിളിക്കുന്നത് ? ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ അവരുടെ ട്രോള്‍ ആര്‍മികളെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ്.’- മഹുവ ആരോപിച്ചു.

തുടര്‍ന്ന് സര്‍ക്കാരിനെതിരെ തെളിവില്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്ന് ബി.ജെ.പി അംഗം എസ്.എസ് അലുവാലിയ ചൂണ്ടിക്കാട്ടി. ഒരംഗത്തിനെതിരെയും നോട്ടീസ് നല്‍കാതെ അപകീര്‍ത്തിപരാമര്‍ശം നടത്താന്‍ നിയമം അനുവദിക്കുന്നില്ലെന്ന് സ്പീക്കറുടെ കസേരയിലുണ്ടായിരുന്ന മീനാക്ഷി ലേഖിയും പറഞ്ഞു.

എന്നാല്‍ തന്റെ കേസിനു വേണ്ടി താന്‍ പോരാടുമെന്നും തന്റെ ആരോപണം ഒരംഗത്തിനെതിരെയല്ലെന്നും പ്രചാരണം നടത്തുന്ന സംവിധാനത്തിന് എതിരാണെന്നും മഹുവ പറഞ്ഞു. ഒരേസമയം ഇന്ത്യയെ അനുകൂലിക്കുന്നവരും സര്‍ക്കാര്‍ വിരുദ്ധരും ആകാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

താന്‍ സംസാരിക്കുമ്പോള്‍ സഭയില്‍ ബി.ജെ.പി അംഗങ്ങള്‍ ബഹളം വെയ്ക്കുന്നതിനെയും മഹുവ നേരിട്ടു. സഭയിലെ ബഹളം നിയന്ത്രിക്കണമെന്ന് സ്പീക്കറോട് മഹുവ ആവശ്യപ്പെട്ടു.

ബില്‍ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ബില്‍ പിന്‍വലിക്കണമെന്നും ഒടുവില്‍ മഹുവ ആവശ്യപ്പെട്ടു.

യു.എ.പി.എ ബില്ലിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും രംഗത്തെത്തിയിരുന്നു. ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ് യു.എ.പി.എ ബില്ലെന്നും ജുഡീഷ്യല്‍ അവകാശങ്ങള്‍ക്കെതിരാണിതെന്നും അദ്ദേഹം പറഞ്ഞു.

‘ഏതെങ്കിലും ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ നിന്നും കടമെടുത്തതാണോ നിങ്ങളുടെ ദേശീയത? ഫെഡറല്‍ സംവിധാനത്തിന് എതിരാണിത്.’ എന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നിയമങ്ങള്‍ സൃഷ്ടിച്ചതിന് ഉവൈസി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ‘കോണ്‍ഗ്രസിനെയാണ് ഞാനിതിന് കുറ്റം പറയുക. ഇത്തരമൊരു നിയമം കൊണ്ടുവന്നതിനു പിന്നില്‍ അവരാണ്. സ്വത്തുവകകള്‍ പിടിച്ചെടുക്കാന്‍ ഇത് അനുവദിക്കുന്നു. അപ്പോള്‍ എവിടെയാണ് നിതന്യായപരമായ പുനപരിശോധന? ഐ.പി.സി തന്നെ മതിയായതാണെന്നാണ് എന്റെ വിശ്വാസം. നേരത്തെ കോണ്‍ഗ്രസും ഇപ്പോള്‍ ബി.ജെ.പിയും മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെയാണ് ഡ്രാക്കോണിയന്‍ നിയമങ്ങള്‍ ഉപയോഗിക്കാറുള്ളത്.’ എന്നും അദ്ദേഹം പറഞ്ഞു.

‘ ഈ നിയമപ്രകാരം ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്യണം. അപ്പോഴേ അവര്‍ക്കിതിന്റെ പ്രശ്നങ്ങള്‍ മനസിലാവൂ.’ അദ്ദേഹം പറഞ്ഞു. ഉവൈസിയുടെ ഈ പരാമര്‍ശത്തെ കോണ്‍ഗ്രസ് എതിര്‍ത്തപ്പോള്‍ ബി.ജെ.പിയില്‍ നിന്നും അദ്ദേഹത്തിന് പിന്തുണ ലഭിച്ചു.

സംഘടനകള്‍ക്കു പുറമേ വ്യക്തികളെയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയ്ക്കും സര്‍ക്കാറിനും വിപുലമായ അധികാരം നല്‍കുന്നതാണ് നിയമഭേദഗതി ബില്‍.

ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്റെ സഹായമോ ഇടപെടലോ കൂടാതെ തന്നെ എന്‍.ഐ.എയ്ക്ക് കണ്ടുകെട്ടാം. ഭീകരത കേസുകളില്‍ അന്വേഷണ അധികാരം ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളുവര്‍ക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ള ഇന്‍സ്പെക്ടര്‍മാര്‍ക്കു വിട്ടുകൊടുക്കുന്നതുകൂടിയാണ് നിയമഭേദഗതി ബില്‍.

We use cookies to give you the best possible experience. Learn more