ന്യൂദൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ ലോക്സഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബി.ജെ.പി ട്രോളുകൾക്ക് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര.
പാർലമെന്റിൽ ചോദ്യം ചോദിക്കുവാൻ സുഹൃത്ത് ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങി എന്നും ഹിരാനന്ദാനിക്ക് പാർലമെന്റ് ലോഗിൻ ഐ.ഡിയും പാസ്‌വേഡും നൽകി എന്നുമായിരുന്നു ആരോപണം.
മഹുവയുടെ ലോഗിൻ ഐഡിയും പാസ്‌വേഡും എന്താണെന്ന് ചോദിച്ച് നിരവധി ട്രോളുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മഹുവ എക്‌സിൽ മറുപടിയുമായി വന്നു.
‘എന്നോട് സ്ഥിരമായി ചോദിച്ചുകൊണ്ടിരിക്കുന്ന എല്ലാ ബി.ജെ.പി ട്രോളുകളോടും,
എന്റെ ലോഗിൻ – നരേന്ദ്ര മോദി
എന്റെ പാസ്‌വേഡ് – അദാനി,’ മഹുവ എക്‌സിൽ പോസ്റ്റ് ചെയ്തു.
ലോക്സഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ദൽഹിയിലെ സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഭവന മന്ത്രാലയത്തിന് കീഴിലുള്ള എസ്റ്റേറ്റ് ഡയറക്ടറേറ്റ് മഹുവക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ തന്റെ ലോക്സഭ അംഗത്വം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ താമസ സ്ഥലം റദ്ദാക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ കോടതിയെ സമീപിച്ചിരുന്നു.