| Monday, 24th April 2023, 8:01 pm

'നിങ്ങളുടെ മനസ് നഷ്ടപ്പെട്ടോ?' സ്വവര്‍ഗ വിവാഹത്തിലെ കേസുകള്‍ പരിഗണിക്കരുതെന്ന ബാര്‍ കൗണ്‍സില്‍ പ്രമേയത്തിനെതിരെ മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിനെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് സുപ്രീം കോടതിയില്‍ നല്‍കിയ പ്രമേയത്തില്‍ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. 99 ശതമാനം ഇന്ത്യക്കാരും സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നുവെന്ന ബാര്‍ കൗണ്‍സിലിന്റെ പരാമര്‍ശങ്ങള്‍ക്കാണ് മൊയ്ത്ര ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.

’99 ശതമാനം ഇന്ത്യക്കാരും എതിര്‍ക്കുന്നതിനാല്‍ സ്വവര്‍ഗ വിവാഹത്തെ കുറിച്ചുള്ള കേസുകള്‍ പരിഗണിക്കരുതെന്ന് ബാര്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.

നിങ്ങള്‍ക്ക് നിങ്ങളുടെ മനസ് നഷ്ടപ്പെട്ടോ? ഭരണഘടനാപരമായ ധാര്‍മികത സംരക്ഷിക്കാനാണ് നിങ്ങള്‍ പ്രതിജ്ഞ എടുത്തത്. ഏതെങ്കിലും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാലും അത് കേള്‍ക്കാന്‍ സുപ്രീം കോടതി ബാധ്യസ്ഥനാണ്,’ അവര്‍ പറഞ്ഞു.

ബാര്‍ കൗണ്‍സില്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പ് അടക്കം പങ്കുവെച്ച് കൊണ്ടാണ് മൊയ്ത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘അഭിഭാഷകരുടെ പെരുമാറ്റം മേല്‍നോട്ടം വഹിക്കുന്ന റെഗുലേറ്ററി ബോഡിയാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. നിലവിലുള്ള കേസില്‍ നീതി നടപ്പാക്കുന്നതില്‍ ഇടപെടാന്‍ പാടില്ല.

സമയബന്ധിതമായി ബി.സി.ഐയില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ നിങ്ങളുടെ വനിതകള്‍ ഒന്നുമില്ലാത്ത ചെറിയ കുട്ടികളുടെ ക്ലബിന്റെ സീറ്റില്‍ നിങ്ങള്‍ ഇരിക്കില്ലായിരുന്നു,’ മഹുവ മൊയ്ത്ര ബി.സി.ഐയോടായി പറഞ്ഞു.

‘ലോകത്തിലെ ഏറ്റവും ജനാധിപത്യമുള്ള ഇന്ത്യയില്‍ 49 ശതമാനം സ്ത്രീകളാണ്. എന്നാല്‍ പുരുഷ കേന്ദ്രീകൃതമായിരിക്കുന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ ഏറെ നാളുകളായി തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. എന്നിട്ടാണ് ബി.സി.ഐ ’99 ശതമാനം ഇന്ത്യക്കാര്‍ക്കും’ എന്ന് സുപ്രീം കോടതിയോട് പറഞ്ഞിരിക്കുന്നത്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹരജികള്‍ സുപ്രീം കോടതി പരിഗണിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കഴിഞ്ഞ ദിവസം ബി.സി.ഐ സുപ്രീം കോടതിയില്‍ പ്രമേയം നല്‍കുന്നത്.

‘രാജ്യത്തെ 99.9 ശതമാനത്തിലധികം ആളുകളും നമ്മുടെ രാജ്യത്ത് സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുകയാണ്. സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന വിധി വരികയാണെങ്കില്‍ രാജ്യത്തെ സംസ്‌കാരത്തിനും സാമൂഹ്യ ഘടനയ്ക്കും എതിരായി കണക്കാക്കുമെന്നാണ് ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നത്.

മനുഷ്യ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും തുടക്കം മുതല്‍ ജീവശാസ്ത്രപരമായ പുരുഷന്റെയും സ്ത്രീയുടെയും ഐക്യമായാണ് വിവാഹം കണക്കാക്കുന്നത്,’ പ്രമേയത്തില്‍ പറയുന്നു.

നിലവില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

കേന്ദ്ര സര്‍ക്കാരും നേരത്തെ സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കൊണ്ട് സുപ്രീം കോടതിയില്‍ എത്തിയിരുന്നു. കൂടാതെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ജം ഇയ്യത്ത് ഉലമ എ ഹിന്ദ്, കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ്, അകാല്‍ തക്ത്, അജ്മീര്‍ ദര്‍ഗയില്‍ നിന്നുള്ള പ്രതിനിധികള്‍, ജൈന സമൂഹത്തില്‍ നിന്നുള്ള ഗുരുക്കന്മാര്‍ എന്നിവരാണ് വിഷയത്തില്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയത്. സ്വവര്‍ഗ വിവാഹം സ്വാഭാവികമായ കുടുംബക്രമത്തിന് വിരുദ്ധമാണെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. ആര്‍.എസ്.എസും സ്വവര്‍ഗ വിവാഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.

CONTENT HIGHLIGHT: MAHUA MOITRA AGAINST BAR COUNCIL

We use cookies to give you the best possible experience. Learn more