കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനത്തിനു നേരെ നടന്ന ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് നിന്ന് മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിപ്പിച്ചത് പൊലീസ് സേനയെ ഭയപ്പെടുത്തി ബി.ജെ.പിയുടെ ശിങ്കിടികളാക്കാനുള്ള ശ്രമമാണെന്നും മൊയ്ത്ര ആരോപിച്ചു.
അമിത് ഷാ ആരെ ബംഗാളിലേക്ക് കൊണ്ടുവന്നാലും തങ്ങള്‍ക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
” നിങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ മിസ്റ്റര്‍ ഷാ! സത്യമായിട്ടും ഞങ്ങള്‍ക്കതൊന്നും ഒരു വിഷയമേ അല്ല” മഹുവ മൊയ്ത്ര പറഞ്ഞു.
സംസ്ഥാനത്തെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബംഗാളില്‍ അട്ടിമറി നടത്താനാണ് അമിത് ഷാ പദ്ധതിയിടുന്നതെന്ന് നേരത്തെ തൃണമൂല്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ സര്‍ക്കാരിനെതിരെ തിരിയാന്‍ രാഷ്ട്രീയ നടപടികളിലൂടെ ബി.ജെ.പി നിര്‍ബന്ധിക്കുന്നുവെന്നും ഇത്തരം നടപടിയിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ ഘടനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തുകയാണെന്നും
നേരത്തെ തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി പറഞ്ഞിരുന്നു.
പശ്ചിമബംഗാളില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയായിരുന്നു സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമായത്.
പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ജെ.പി നദ്ദക്കെതിരെ കരിങ്കൊടി പ്രയോഗവും വാഹനത്തിന് നേരെ കല്ലേറും ഉണ്ടായത്. സംഭവത്തില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇഷ്ടികകൊണ്ടാണ് കാറിന് നേരെ ചിലര്‍ എറിഞ്ഞതെന്നും ആക്രമണത്തില്‍ കാറിന്റെ ചില്ല് തകര്‍ന്നെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
നദ്ദയുടെ സന്ദര്‍ശനത്തിനിടെ പാര്‍ട്ടി ഓഫീസിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം വടികളും ആയുധങ്ങളുമായി നിലയുറപ്പിച്ചിരുന്നെന്നുമാണ് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചത്.
ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചരണത്തിനായാണ് നദ്ദ എത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക