ന്യൂദല്‍ഹി: പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനു പിന്നാലെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ഇന്ത്യയില്‍ ജംഗിള്‍ ഭരണം നടത്തുന്നവര്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് പറയുന്നത് എന്ത് വിരോധാഭാസമാണെന്നാണ് മഹുവ മൊയ്ത്ര ചോദിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് എം.പിയുടെ പ്രതികരണം.
Ironic how the perpetrators of Jungle Rule in India now publicly demand President’s Rule in Bengal
— Mahua Moitra (@MahuaMoitra) October 19, 2020
ഞായറാഴ്ചയാണ് ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചന അമിത് ഷാ നല്‍കിയത്.
‘ബംഗാളില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കേണ്ടി വന്നേക്കും. ഗവര്‍ണറുടെ റിപ്പോര്‍ട്ടിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുക’, അമിത് ഷാ പറഞ്ഞു.
നേരത്തെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാക്കളായ കൈലാഷ് വിജയ് വര്‍ഗീയയും ബാബുല്‍ സുപ്രിയോയും ആവശ്യപ്പെട്ടിരുന്നു. നേതാക്കളുടെ ആവശ്യം ന്യായമാണെന്ന് ന്യൂസ് 18 ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.