കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ ഗുരുതരാരോപണവുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ പങ്കെടുക്കാനും ബി.ജെ.പിക്ക് വോട്ട് ചെയ്യാനും ഗ്രാമീണര്‍ക്ക് ബി.ജെ.പി പണം നല്‍കുന്നുവെന്നാണ് മഹുവയുടെ ആരോപണം. ഇതിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് മഹുവ ആവശ്യപ്പെടുന്നുമുണ്ട്.
പ്രധാനമന്ത്രി മോദിയുടെ യോഗത്തില്‍ പങ്കെടുക്കാനും ബി.ജെ.പിക്ക് വോട്ടുചെയ്യാനും പശ്ചിമബംഗാളിലെ റെയ്ഡിഗിയിലെ ഗ്രാമീണര്‍ക്ക് 1000 രൂപ കൂപ്പണുകള്‍ വിതരണം ചെയ്തു. ഇത് പതിവുപോലെ കടന്നുപോകാന്‍ അനുവദിക്കരുത്, നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുന്നു, ”മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു, പ്രധാനമന്ത്രിയുടെ ഫോട്ടോ സഹിതമുള്ള കൂപ്പണുകളുടെ ഫോട്ടോ മഹുവ പങ്കുവെച്ചു.
അതേസമയം, ബി.ജെ.പിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. താനൊരിക്കലും ബി.ജെ.പിയുടെ ആക്രമണത്തിന് മുന്നില്‍ വളഞ്ഞുനില്‍ക്കില്ലെന്നും മമത പറഞ്ഞിരുന്നു.
”ബി.ജെ.പിയ്ക്ക് അവരുടെ പണം ഉപയോഗിച്ച് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ ഒരു ബംഗാള്‍ കടുവയാണ്, ഞാന്‍ വളഞ്ഞുനില്‍ക്കില്ല”മമത പറഞ്ഞു.
ബി.ജെ.പി അസമില്‍ നിന്ന് ഗുണ്ടകളെ ഇറക്കുകയാണെന്നും ബോംബുകള്‍ പൊട്ടിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും മമത ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക