ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് കുകി സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന നടുക്കുന്ന വീഡിയോക്ക് പിന്നാലെ രൂക്ഷ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. മണിപ്പൂരില്‍ ആഭ്യന്തര യുദ്ധം നടക്കുമ്പോഴും ബി.ജെ.പി ഭാരത് എന്ന പേര് ചുരുക്കാന്‍ നടക്കുകയാണെന്ന് മഹുവ വിമര്‍ശിച്ചു. കുകി വനിതകള്‍ ഇന്ത്യയുടെ മക്കളും അമ്മമാരും സഹോദരിമാരുമാണെന്നും ഭാരതത്തോട് സ്‌നേഹമുണ്ടെങ്കില്‍ പ്രധാനമന്ത്രി മൗനം ഉപേക്ഷിക്കണമെന്നും അവര്‍ ട്വീറ്റ് ചെയ്തു.
‘മണിപ്പൂരില്‍ ആഭ്യന്തര യുദ്ധം നടക്കുന്നു. ഞങ്ങള്‍ യുദ്ധത്തിലെ കുറ്റകൃത്യങ്ങളുടെ സാക്ഷികളാണ്. ഇതാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നത്. ഈ പ്രശ്‌നത്തെ കൂടിയാണ് ബി.ജെ.പി ‘ഭാരത’ത്തിലേക്ക് ചുരുക്കിയിരിക്കുന്നത്.
മൗനഗുരുവേ നിങ്ങളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണ്. കുകി വനിതകള്‍ ഇന്ത്യയുടെ മക്കളും അമ്മമാരും സഹോദരിമാരുമാണ്. ഭാരതത്തോട് സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ മൗനം ഉപേക്ഷിക്കൂ. ഒരിക്കലെങ്കിലും നിങ്ങള്‍ ശരിയായ കാര്യങ്ങള്‍ ചെയ്യൂ,’ മോദിയുടെ ഫോട്ടോ പങ്കുവെച്ച് മഹുവ ചോദിച്ചു.
മണിപ്പൂര്‍ വിഷയത്തില്‍ എപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നും അവര്‍ ചോദിച്ചു.
‘മണിപ്പൂരിനെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ലജ്ജയും ഭയവും തോന്നുന്നു. എപ്പോഴാണ് ഈ പൈശാചിക സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുക? എപ്പോഴാണ് മണിപ്പൂര്‍ മുഖ്യമന്ത്രി രാജി വെക്കുക? മൗനഗുരു വിദേശത്തെ അത്താഴങ്ങള്‍ നിര്‍ത്തി എപ്പോഴാണ് മണിപ്പൂരിനെ കുറിച്ച് സംസാരിക്കുക? മഹുവ ചോദിക്കുന്നു.
മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചു.
കുക്കി വിഭാഗത്തില്‍ പെടുന്ന രണ്ട് സ്ത്രീകളെ മെയ്തി വിഭാഗക്കാരായ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്‌നരാക്കി നടത്തിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മെയ്തി വിഭാഗക്കാരാണ് അക്രമികളെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഐ.ടി.എല്‍.എഫും (ഇന്‍ഡീജെനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം) വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
മെയ് നാലിന് കാങ്‌പോക്പി ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. ഇരു സ്ത്രീകളുടെയും കുടുംബത്തിലെ രണ്ട് പുരുഷന്മാരെ ക്രൂരമായി തല്ലിക്കൊന്നതിന് ശേഷമാണ് ഈ സ്ത്രീകളോട് അതിക്രമം കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സംഭവത്തില്‍ മണിപ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തൗബാല്‍ ജില്ലയിലെ നോങ്‌പോക്ക് സെക്മായി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അജ്ഞാതരായ ഒരു കൂട്ടം അക്രമികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
CONTENT HIGHLIGHTS: MAHUA MOITRA ABOUT MANIPUR VIOLENCE