ന്യൂദല്‍ഹി: മോഡേണ്‍ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ ശൂര്‍പ്പണഖമാരെപ്പോലെയാണെന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. തങ്ങളുടെ വസ്ത്രമല്ല ബി.ജെ.പി നേതാക്കളുടെ ചിന്തകളാണ് വൃത്തികെട്ടതെന്ന് മഹുവ പറഞ്ഞു. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് അവരുടെ പ്രതികരണം.
‘കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് വിജയ്‌വര്‍ഗിയ, മോശം വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ ശൂര്‍പ്പണഖമാരാണെന്ന് പറഞ്ഞിരുന്നു. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം ഇത്തരം പ്രസ്താവനകള്‍ക്ക് പുതുമ നഷ്ടപ്പെട്ടിരിക്കുന്നു.
ഇവിടെയുള്ള എല്ലാ ബി.ജെ.പി നേതാക്കളോടും കൂടി ഞാനൊരു കാര്യം പറയാം. ഞങ്ങള്‍ ബംഗാളിലെ സ്ത്രീകളാണ്. ഞങ്ങള്‍ ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് കഴിക്കുകയും ചെയ്യും. ഞങ്ങള്‍ക്കാരെയാണോ സ്‌നേഹിക്കാന്‍ തോന്നുന്നത് അവരെ ഞങ്ങള്‍ സ്‌നേഹിക്കും.
ഞങ്ങള്‍ക്ക് ഇഷ്ടമുള്ള ദൈവങ്ങളെ ആരാധിക്കുകയും ചെയ്യും. ഇത്രയും കാലം ഞങ്ങള്‍ എന്ത് വസ്ത്രമാണോ ധരിച്ചത് അതിട്ട് തന്നെ ഇനിയങ്ങോട്ടും പുറത്തിറങ്ങും. നിങ്ങളുടെ കാഴ്ചപ്പാടും ചിന്തകളുമാണ് വൃത്തികെട്ടത്, ഞങ്ങളുടെ വസ്ത്രങ്ങളല്ല,’ മഹുവ പറഞ്ഞു.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന സ്വകാര്യ ചടങ്ങിനിടെ ബി.ജെ.പി നേതാവ് വിജയ വര്‍ഗീയ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മോഡേണ്‍ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ ശൂര്‍പ്പണഖമാരാണെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.
കൂട്ടത്തില്‍ മദ്യപിച്ച് ചുറ്റിക്കറങ്ങുന്ന യുവാക്കളെ കാണുമ്പോള്‍ മുഖത്തടിക്കാന്‍ തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിജയ വര്‍ഗീയയുടെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ പ്രചരിച്ചതോടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ അദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
സ്ത്രീസംരക്ഷണം പറഞ്ഞ് നടക്കുന്ന ബി.ജെ.പി നേതാക്കളുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുന്നതാണ് കൈലാഷ് വിജയ വര്‍ഗീയയുടെ പരാമര്‍ശമെന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വനിത വിഭാഗം വിഭ പാട്ടീലിന്റെ പ്രതികരണം.
ഒരുവശത്ത് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ ‘ലാഡ്‌ലി ബെഹ്‌ന’യെന്ന പേരില്‍ സത്രീകള്‍ക്കായി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. അതേസമയം മറുവശത്ത് ബി.ജെ.പി നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ മൗനം പാലിക്കുകയും ചെയ്യുന്നു. ഒരൊറ്റ ബി.ജെ.പി നേതാവ് പോലും വിജയ വര്‍ഗീയയുടെ പരാര്‍ശത്തെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല. ഇതാണ് ബി.ജെ.പിയുടെ ഇരട്ടത്താപ്പ്,’ വിഭ പാട്ടീല്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: mahua moithra slams bjp leader vijaya varghi