| Monday, 3rd April 2023, 4:37 pm

ബീഹാറില്‍ കലാപകാരികള്‍ക്ക് തൂക്കൂകയര്‍; ഗുജറാത്തില്‍ പീഡന വീരന്മാര്‍ക്ക് സ്വീകരണവും; അമിത് ഷായെ പരിഹസിച്ച് മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബീഹാറിലെ കലാപകാരികളെയെല്ലാം തലകീഴായി കെട്ടിത്തൂക്കൂമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര.

ബീഹാറിലെ കലാപകാരികളെ കെട്ടി തൂക്കാന്‍ പോവുന്ന അമിത് ഷാ ഗുജറാത്തിലെ പീഡനവീരന്മാരെ സല്‍ക്കരിക്കുന്ന തിരക്കിലാണെന്നാണ് മഹുവ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘ബീഹാറിലാണെങ്കില്‍ ആഭ്യന്തര മന്ത്രി കലാപകാരികളെ തലകീഴായി കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തും. അതേസമയം ഗുജറാത്തിലാണെങ്കില്‍ പീഡന വീരന്മാരെയും കൊലയാളികളെയും ലഡു നല്‍കി സ്വീകരിക്കുകയും ചെയ്യും,’ മഹുവ ട്വീറ്റ് ചെയ്തു.

2002ലെ ഗോധ്ര കലാപത്തില്‍ ബില്‍ക്കീസ് ബാനുവിനെ കൂട്ട ബലാത്സംഘം ചെയ്ത് കുടുംബാഗങ്ങളെ കൊലപ്പെടുത്തിയ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിട്ടിരുന്നു. തുടര്‍ന്ന് ബി.ജെ.പിയുടെ നേതാക്കള്‍ ഇവര്‍ക്ക് സ്വീകരണവും നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.

കഴിഞ്ഞ ദിവസം ബീഹാറില്‍ നടത്തിയ റാലിക്കിടെ രാജ്യത്തെ കലാപകാരികളെ തലകീഴായി കെട്ടി തൂക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. രാമനവമിയോട് അനുബന്ധിച്ച് രാജ്യത്തുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതികരിച്ചായിരുന്നു അമിത് ഷായുടെ പ്രസംഗം.

2024ല്‍ കേന്ദ്രത്തിലും 2025ല്‍ ബീഹാറിലും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ രാജ്യത്തുള്ള കലാപകാരികളെ തലകീഴായി കെട്ടിത്തൂക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കലാപകാരികള്‍ ബീഹാര്‍ കത്തിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രസംഗത്തിനിടെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറുമായി വീണ്ടുമൊരു സഖ്യത്തിനില്ലെന്നും ബി.ജെ.പിയുടെ വാതിലുകള്‍ ജെ.ഡി.യുവിന് വേണ്ടി ഒരിക്കലും തുറന്ന് കൊടുക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കൂട്ടത്തില്‍ ജാതിയുടെ പേരില്‍ സമൂഹത്തില്‍ വിഷം കലര്‍ത്താനാണ് നിതീഷ് കുമാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

അതിനിടെ ബീഹാറിലെ നളന്ദയില്‍ രാമനവമി ശോഭായാത്രക്കിടെ നടന്ന കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: mahua moithra slams amith sha

We use cookies to give you the best possible experience. Learn more