national news
കായിക രംഗത്തെ ലൈംഗിക വേട്ടക്കാരനായ എം.പിയുടെ കാല്‍ക്കീഴിലാക്കി; ഡബ്ല്യൂ.എഫ്.ഐയുടെ സസ്‌പെന്‍ഷനില്‍ മഹുവ മൊയ്ത്ര
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മെഹുവ മൊയ്ത്ര. ദേശീയ ഗുസ്തി ഫെഡറേഷന്റെ അംഗത്വം ലോക ഗുസ്തി ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്ത സംഭവത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മഹുവ മൊയ്ത്ര രംഗത്തെത്തിയത്. ഒരു ലൈംഗിക വേട്ടകാരനായ എം.പിയുടെ കാല്‍ക്കീഴില്‍ കായിക രംഗത്തെ കൊണ്ടെത്തിച്ചതില്‍ കായിക മന്ത്രാലയത്തിനോടും ബി.ജെ.പി സര്‍ക്കാരിനോടും നാണക്കേട് തോന്നുന്നതായി മഹുവ പറഞ്ഞു.
‘തെരഞ്ഞെടുപ്പ് നടത്താതിനെ തുടര്‍ന്ന് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ ലോക ഗുസ്തി ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തു. ഇതോടെ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് നമ്മുടെ പതാകക്ക് കീഴില്‍ മത്സരിക്കാന്‍ സാധിക്കില്ല. ഒരു ലൈംഗിക വേട്ടക്കാരമായ എം.പിയുടെ കാല്‍ക്കീഴിലേക്ക് കായിക രംഗത്തെ കൊണ്ടെത്തിച്ച ബി.ജെ.പി സര്‍ക്കാരിനെയും കായിക മന്ത്രാലയത്തെയും കുറിച്ചോര്‍ത്ത് നാണക്കേട് തോന്നുന്നു,’ മഹുവ മൊയ്ത്ര ട്വിറ്ററില്‍ കുറിച്ചു.
കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താത്തതിനെ തുടര്‍ന്നാണ് ദേശീയ ഗുസ്തി ഫെഡറേഷന്റെ അംഗത്വം ലോക ഗുസ്തി ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തത്. തെരഞ്ഞെടുപ്പ് നടത്താനുള്ള 45 ദിവസത്തെ സമയപരിധി അവസാനിച്ചതോടെയാണ് ലോക ഗുസ്തി ഫെഡറേഷന്‍ ഇന്ത്യക്കെതിരെ നടപടിയെടുത്തത്.
ഗുസ്തി ഫെഡറേഷന്റെ തെരഞ്ഞെടുപ്പ് ജൂണിലായിരുന്നു നടത്തേണ്ടിയിരുന്നത്. എന്നാല്‍ ബി.ജെ.പി എം.പിയും മുന്‍ ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷന്റെ ലൈംഗികാതിക്രമത്തെ തുടര്‍ന്നുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളും വിവിധ സംസ്ഥാന യൂണിറ്റുകളില്‍ നിന്നുള്ള ഹരജികളും കാരണം തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് ഫെഡറേഷന്റെ ഭരണസമിതിയിലേക്കുള്ള 15 സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 12ലേക്ക് മാറ്റി വെച്ചു. എന്നാല്‍ അതും നടത്താന്‍ സാധിച്ചിരുന്നില്ല.
നേരത്തെ ബ്രിജ് ഭൂഷന്റെ വിഷയത്തില്‍ ജനുവരിയിലും മെയിലും ഡബ്ല്യു.എഫ്.ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ ഭൂപേന്ദര്‍ സിങ് ബജ്‌വയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയാണ് ഫെഡറേഷന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് വൈകിയാല്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് ലോക റെസ്‌ലിങ് ഫെഡറേഷന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് ന്യൂട്രല്‍ താരങ്ങളായി മാത്രമേ മത്സരിക്കാന്‍ സാധിക്കുകയുള്ളൂ.
Content Highlights: Mahua moithra criticise bjp government over wfi suspension