| Wednesday, 9th August 2023, 9:10 pm

ലജ്ജാകരം; പ്രതിപക്ഷത്തിന് സഭയില്‍ സ്‌ക്രീന്‍ ടൈം നല്‍കാത്തതില്‍ സന്‍സദ് ടി.വിക്കെതിരെ മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സന്‍സദ് ടി.വിക്കെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. പ്രതിപക്ഷം സഭയില്‍ സംസാരിച്ചപ്പോഴൊന്നും സന്‍സദ് ടി.വി തങ്ങള്‍ക്ക് സ്‌ക്രീന്‍ ടൈം തന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇത് വളരെ ലജ്ജാകരമാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

‘അവിശ്വാസ ചര്‍ച്ചക്കിടെ ബി.ജെ.പിക്കാര്‍ സംസാരിച്ചപ്പോഴെല്ലാം നിര്‍ത്താതെ എങ്ങനെയാണ് അവരെ ഫോക്കസ് ചെയ്തതെന്ന് എല്ലാവരും കണ്ടതാണ്. എന്നാല്‍ ‘ഇന്ത്യ’ സംസാരിച്ചപ്പോഴെല്ലാം സ്പീക്കറെയാണ് ഫോക്കസ് ചെയ്തത്. ഇത് വളരെ ലജ്ജാകരവും നിസാരവത്കരിക്കുന്നതുമായ പ്രവര്‍ത്തിയാണ്. നികുതി ദായകരുടെ പണത്തില്‍ നിന്നുമാണ് നിങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത്,’മഹുല പറഞ്ഞു.

ഡി.എം.കെ എം.പി കനിമൊഴി കരുണാനിധിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു മഹുവയുടെ ട്വീറ്റ്. കനിമൊഴി സംസാരിച്ചപ്പോഴെല്ലാം അവരെ കാണിക്കാതെ ബി.ജെ.പിയിലെ ഹീന ഗാവിത്തിനെയാണ് കാണിച്ചതെന്നും മഹുവ പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധി സംസാരിച്ചപ്പോഴും അദ്ദേഹത്തിന് സ്‌ക്രീന്‍ സമയം നല്‍കിയില്ലെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചപ്പോള്‍ കൂടുതല്‍ സമയവും ഫോക്കസ് നല്‍കിയത് സ്പീക്കര്‍ ഓം ബിര്‍ളക്കാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ്ചെയ്തു.

ഉച്ചയ്ക്ക് 12:09 മുതല്‍ 12:46 വരെയാണ് രാഹുല്‍ പ്രസംഗിച്ചത്. ഈ സമയം സന്‍സദ് ടി.വിയില്‍ കൂടുതല്‍ സമയം തെളിഞ്ഞത് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മുഖമായിരുന്നെന്ന് ജയാറാം രമേശ് പറഞ്ഞു.

‘അവിശ്വാസ പ്രമേയത്തിനിടെ 37 മിനിറ്റാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. അതില്‍ സന്‍സദ് ടി.വി ക്യാമറ രാഹുലിനെ കാണിച്ചത് 14 മിനിറ്റ് 37 സെക്കന്‍ഡ് മാത്രമാണ്. 40 ശതമാനം സ്‌ക്രീന്‍ പ്രസന്‍സ് മാത്രമാണ് രാഹുലിന് ലഭിച്ചത്. എന്തിനെയാണ് മിസ്റ്റര്‍ മോദി ഭയപ്പെടുന്നത്?

ഇതില്‍ തന്നെ മണിപ്പൂര്‍ വിഷയത്തില്‍ 15 മിനിറ്റ് 42 സെക്കന്‍ഡാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. ഈ സമയത്ത്, സന്‍സദ് ടി.വിയുടെ ക്യാമറ 11 മിനിറ്റ് 08 സെക്കന്‍ഡ് സ്പീക്കര്‍ ഓം ബിര്‍ളയെ ഫോക്കസ് ചെയ്തു. അതായത് 71 ശതമാനം സമയവും. സന്‍സദ് ടി.വി രാഹുല്‍ ഗാന്ധി മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാല് മിനിറ്റ് 34 സെക്കന്‍ഡ് മാത്രമാണ് വീഡിയോയില്‍ കാണിച്ചത്,’ ജയറാം രമേശ് പറഞ്ഞു.

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടുത്തഭാഷയിലാണ് രാഹുല്‍ വിമര്‍ശനമുന്നയിച്ചത്. മോദി വിചാരിക്കുന്നത് മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണെന്നും, പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പി രാജ്യസ്നേഹികളല്ല രാജ്യദ്രോഹികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlights: Mahua moithra against sansad tv

We use cookies to give you the best possible experience. Learn more